നിപ്മറിൽ ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആന്റ് ഓർത്തോറ്റിക്സ് ബിരുദ കോഴ്സ്

ഇരിങ്ങാലക്കുട: കേരളത്തിൽ ആദ്യമായി സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറില്‍ നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് (ബിപിഒ) ബിരുദ കോഴ്സ് ആരംഭിക്കുന്നു.

കൃത്രിമ കൈകാലുകൾ, വീൽചെയറുകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായുള്ള സഹായക ഉപകരണങ്ങളുടെ നിര്‍മ്മാണം, അവയുടെ ആവശ്യകതാ നിര്‍ണ്ണയം, ഗുണമേന്മാ നിര്‍ണ്ണയം എന്നിവയിലുള്ള പ്രൊഫഷണൽ കോഴ്സാണിത്. റീഹാബിലിറ്റേഷൻ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകരമുള്ള ഈ കോഴ്സിന്റെ അക്കാദമിക്ക് നിയന്ത്രണം കേരളാ ആരോഗ്യ സർവകലാശാലക്കാണ്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽ സാധ്യതയുള്ള പ്രൊഫഷണൽ ബിരുദമാണ് ബിപിഒ. കൂടാതെ വിദേശത്തും മികച്ച തൊഴിൽ സാധ്യതയുണ്ട്. ദേശീയ തലത്തിൽ RCI അംഗീകരമുള്ള 600 ബിരുധാരികൾ മാത്രമേയുള്ളു. കേരളത്തിൽ ഈ ബിരുദമുള്ളവരുടെ എണ്ണം 60 ന് താഴെയാണ്.

അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ ഏജൻസിയായ എൽബിഎസിനാണ് അഡ്മിഷൻ ചുമതല. ഒരു ബാച്ചില്‍ 20 കുട്ടികൾ മാത്രം. പ്ലസ് ടു തലത്തിൽ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കും എൽബിഎസ് വഴി പാരാമെഡിക്കല്‍ കോഴ്സില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുമായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളത്. മെറിറ്റ് അടിസ്ഥാനത്തിൽ എൽബിഎസ് തയാർക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് അഡ്മിഷന്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published.