എ.കെ. ഷാനിബ് പിന്മാറി, ഇനി സരിനെ പിന്താങ്ങും

എ.കെ. ഷാനിബ് പിന്മാറി, ഇനി സരിനെ പിന്താങ്ങും

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന്  പിന്മാറി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാമെന്നായിരുന്നു ഷാനിബ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഇനി സരിന് വേണ്ടി വോട്ട് തേടുമെന്ന് ഷാനിബ് വ്യക്തമാക്കി.

എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും എകെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകള്‍ ഭിന്നിക്കരുതെന്ന് കരുതിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ തന്റെ പേരാട്ടം, അത് ലക്ഷ്യത്തിലെത്തണമെന്ന അഭിപ്രായത്തിന്റെ ഭാഗമായി കൂടിയാണ് തീരുമാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കരുതുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കമ്യണിസ്റ്റുകാരന് വോട്ടു ചെയ്യാന്‍ മടിയുള്ള ആളുകള്‍ക്കും സരിന്റെ സ്വതന്ത്ര ചിഹ്നത്തില്‍ വോട്ട് ചെയ്യാനുതകുന്ന നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് ഷാനിബ് പറഞ്ഞു.

കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായതില്‍ ബിജെപിക്കകത്ത് വലിയ ഭിന്നതയുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഈ വോട്ടുകള്‍ സരിന് ലഭിക്കും. സരിന്‍ വിജയിക്കും’, ഷാനിബ് പറഞ്ഞു. വോട്ടര്‍മാരെ നേരിട്ട് കാണുമെന്നും വീടുകളില്‍ പോയി വോട്ട് ചോദിക്കുമെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഒരു കാരണവശാലും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഷാനിബ് പറഞ്ഞിരുന്നു. എന്നാല്‍ നാമനിര്‍ദേശം നല്‍കരുതെന്നും നേരിട്ട് വന്ന് കാണാന്‍ താല്‍പര്യമുണ്ടെന്നും സരിന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാനിബും സരിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പാലക്കാട് യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തിലാണ് മത്സരിക്കുന്നത്. ബിജെപിക്ക് വേണ്ടി സി കൃഷ്ണകുമാരും രംഗത്തിറങ്ങും.

Leave a Reply

Your email address will not be published.