എഡിഎമ്മിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം

എഡിഎമ്മിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉത്തരമേഖലാ ഐജി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ എ സി പി രത്നകുമാർ , ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവരാണ് സംഘത്തിലുള്ളത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയ സാഹചര്യത്തിലാണ് ഉന്നത പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

ബിനാമി ആരോപണത്തിൽ പ്രശാന്തന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. രജീഷിന് മുതിർന്ന സിപിഐഎം നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. രജീഷാണ് പ്രശാന്തനെക്കൊണ്ട് പെട്രോൾ പമ്പിന് അപേക്ഷിച്ചതെന്നുമാണ് ആരോപണം.

Leave a Reply

Your email address will not be published.