യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി

ഹൂസ്റ്റണ്‍: നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നേരത്തേയുള്ള വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചവർ 2.1 കോടി പിന്നിട്ടു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസും റിപ്പബ്ലിക്കൻ ടിക്കറ്റില്‍ മുൻ പ്രസിഡന്റ്  ഡോണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.

യൂനിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്ഷൻ ലാബില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം, 78 ലക്ഷം അമേരിക്കക്കാർ ‘ഏർലി ഇൻ-പേഴ്‌സൻ’ രീതിയിലൂടെയും 13.3 ലക്ഷത്തിലധികം പേർ തപാല്‍ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പലയിടങ്ങളിലും നിരവധി ഇന്ത്യൻ വംശജർ അടക്കം വോട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഏഷ്യൻ അമേരിക്കക്കാർക്കിടയില്‍ നേരത്തേ പോള്‍ ചെയ്തവർ 1.7 ശതമാനം മാത്രമാണ്. റിപ്പബ്ലിക്കൻ പാർട്ടിയാണ് നേരത്തേയുള്ള വോട്ടിങ്ങിനായി കൂടുതല്‍ പ്രചാരണം നടത്തിയതെന്നും ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കമലക്ക് 46 ശതമാനവും ട്രംപിന് 43 ശതമാനവും പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. കടുത്ത മത്സരം നടക്കുന്ന അരിസോണ, നെവാഡ, വിസ്കോണ്‍സൻ, മിഷിഗൻ, പെൻസല്‍വേനിയ, നോർത്ത് കരോലൈന, ജോർജിയ എന്നീ സംസ്ഥാനങ്ങളാകും തെരഞ്ഞെടുപ്പില്‍ നിർണായകമാകുകയെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനിടെ, കമല ഹാരിസിന്‍റെ പ്രചാരണത്തിന് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്സ് 50 ദശലക്ഷം ഡോളർ സംഭാവന നല്‍കി. ബില്‍ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബില്‍ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ട്രംപ് അധികാരത്തിലെത്തുന്നതില്‍ ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.