കൊച്ചി: വിദ്വേഷ പ്രചരണ കേസിൽ കോടതിയലക്ഷ്യം നേരിടുന്ന യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ അടുത്ത മാസം 4ന് നേരിട്ട് ഹാജരാകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് ആരിഫിനെതിരെയുള്ള കേസ്. മതവിദ്വേഷവും പ്രകോപനപരവുമായ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും വീഡിയോകളും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട സ്വദേശിയായ നിയാസ് എൻ എം ൻ്റെ പരാതി സ്വീകരിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വകറ്റ് ബി. കലാംപാഷ ഹാജരായി.
2024 ഒക്‌ടോബർ 10 ന് നടന്ന വാദത്തിനിടെ, വിവാദ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യുമെന്ന് ആരിഫിൻ്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ചതായി കണ്ടെത്തിയതാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്.
ഇസ്‌ലാമിനെയും പ്രവാചകനെയും, യേശുക്രിസ്തുവിനെയും കൃസ്ത്യാനിറ്റിയെയും, മറ്റും വിമർശിക്കുന്ന വീഡിയോകൾ തുടർച്ചയായി പ്രചരിപ്പിച്ചതിന് ആരിഫിനെതിരെ നിരവധി കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉണ്ടായിട്ടുണ്ട്.
വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയും ബന്ധപ്പെട്ട മതവിഭാഗങ്ങൾക്കെതിരെ അക്രമത്തിന് പ്രേരണ നൽകാനുള്ള അതിൻ്റെ സാധ്യതയും കേസ് ചൂണ്ടികാണിക്കുന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് വ്യാപകമായ പശ്ചാത്തലത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിൻ്റെ പരിമിതികൾക്കും കോടതിയുടെ തീരുമാനം മാതൃകയാകും.
കോടതിയുടെ നിർദേശത്തെ തുടർന്ന് ആര്ഫ് ഹുസൈൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേരള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
” നിയമപരമായി ഇതിനെ നേരിടുന്നതിലൂടെ വിദ്വേഷ പ്രചരണത്തിന് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലന്നെ മാതൃകാപരമായ ഒരു സന്ദേശം സമൂഹത്തിന് നൽകുകയാണ് ലക്ഷ്യം,” ഹർജിക്കാരൻ നിയാസ് എൻ എം പറഞ്ഞു.
“അഭിപ്രായ സ്വാതന്ത്ര്യം കേവലാവകാശമല്ല. അത് ഉത്തരവാദിത്തങ്ങളോടൊപ്പം സാമൂഹിക നൻമയെയും ലക്ഷ്യം വെച്ചുള്ളതാകണം,” അഡ്വ. ഡോ. ബി. കലാം പാഷ കൂട്ടിച്ചേർത്തു.
കേസ് 2024 നവംബർ 13-ന് വീണ്ടും പരിഗണിക്കും. അന്ന് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന് ആരിഫ് ഹുസൈൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ മുഖേന കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ നിർബന്ധമായും ആരിഫ് നേരിട്ട് തന്നെ ഹാജരാകണമെന്നും, ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave a Reply