‘എന്റെ സഖാക്കളോട്, ചെങ്കൊടിയോട്,ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും’

‘എന്റെ സഖാക്കളോട്, ചെങ്കൊടിയോട്,ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും’

പാലക്കാട്‌: നിങ്ങളാൽ ‘സഖാവേ’എന്ന വിളി കേൾക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു എന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിൻ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ ആഗ്രഹം വ്യക്തമാക്കിയത്. പ്രിയപ്പെട്ട സഖാക്കളെ എന്ന് തുടങ്ങുന്ന കുറിപ്പിൽ കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തമ്മിൽ താരതമ്യം ചെയ്യുന്നു. ഞാൻ നിങ്ങളുടെ രാഷ്ട്രീയ ശത്രു പക്ഷത്ത് നിന്ന് പ്രവർത്തിച്ചൊരാൾ ആണ് എന്നും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ചില ഇടപെടലുകൾ,
പരാമർശങ്ങൾ, പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുന്നു.

അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാണ് ഞാൻ ഇടതുപക്ഷത്തേക്ക് വന്നത്,എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളാൻ എനിക്ക് കരുത്ത് നൽകുന്നത് എന്റെ തുറന്നതും സുതാര്യവുമായ പൊതുജീവിതം തന്നെയാണെന്നും സരിൻ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

പി.സരിൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം…

പ്രിയപ്പെട്ട സഖാക്കളെ,

സാമൂഹ്യ മാധ്യമങ്ങളെ പ്രധാനപ്പെട്ട രാഷ്ട്രീയ ആശയപ്രചരണ മാധ്യമമായി പരിഗണിക്കുന്ന ഒരാളെന്ന നിലക്കും,
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മീഡിയ മേധാവിയായി നിന്ന് ഇവിടെ നിരന്തരം ഇടപെട്ടിരുന്ന ഒരാളെന്ന നിലക്കും,
ഇവിടെ ഇടപെടുന്ന സഖാക്കളോട്,
ഞാൻ പ്രത്യേകമായി, വളരെ പ്രാധാന്യപൂർവ്വം തന്നെ സംസാരിക്കണമെന്ന് കരുതുന്നു.

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് ഞാൻ നടത്തിയ രാഷ്ട്രീയ വിമർശനങ്ങൾ,
ആ സംസ്ക്കാരത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നടത്തിയ ചില ഇടപെടലുകൾ,
പരാമർശങ്ങൾ, പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കുണ്ട്.
ഈ കഴിഞ്ഞു പോയ സമയങ്ങളിൽ ഞാൻ സഖാക്കളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ്പ് എന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണ്.

പല വിമര്‍ശനങ്ങളും എന്‍റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല.നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നു എന്ന് മാത്രം.

കുറച്ചു ദിവസങ്ങൾക്ക് മുന്നേ വരെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഞാൻ നിങ്ങളുടെ രാഷ്ട്രീയ ശത്രു പക്ഷത്ത് നിന്ന് പ്രവർത്തിച്ചൊരാൾ ആണ്.
നൂതനമായ സാങ്കേതിക വിദ്യകളെയും,
സാധ്യമായ എല്ലാ മാനുഷിക സാമ്പത്തിക വിഭവങ്ങളെയും കൂട്ട് പിടിച്ചു സംഘടിതമായി ഞങ്ങൾ രാഷ്ട്രീയ പ്രചാരണം തീർക്കുമ്പോൾ,
ഇതൊന്നുമില്ലാതെ ഒരാശയത്തിന്റെ പേരിൽ സ്വയം സംഘടിച്ചു ശക്തമായ പ്രതിരോധം തീർത്ത നിങ്ങളോട് അന്നും ബഹുമാനം ഏറെയായിരുന്നു.

രാഷ്ട്രീയ നേതാക്കൾ പ്രതിയോഗികളാൽ അക്രമങ്ങൾ നേരിടുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ അതിനെ പ്രതിരോധിക്കാൻ ഇറങ്ങുക ആ നേതാവിനോട് താല്പര്യമുള്ള ആളുകളും ഗ്രൂപ്പുകളും മാത്രമാണ്.
പക്ഷെ,ഇടതുപക്ഷത്തെ ഏതെങ്കിലും ഒരു നേതാവിനെ,വിശിഷ്യാ സഖാവ് പിണറായി വിജയനെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ സഖാക്കൾ ഒരൊറ്റ മനസ്സായി നിന്ന്‌ പ്രതിരോധത്തിന്റെ കോട്ട തീർക്കുന്നത് കണ്ടു കണ്ണു മിഴിച്ചു നിന്നിട്ടുണ്ട്.

അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാണ് ഞാൻ ഇടതുപക്ഷത്തേക്ക് വന്നത്,എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളാൻ എനിക്ക് കരുത്ത് നൽകുന്നത് എന്റെ തുറന്നതും സുതാര്യവുമായ പൊതുജീവിതം തന്നെയാണ്.

സ്കൂൾ കാലം മുതൽ തുടങ്ങിയ കോൺഗ്രസ് രാഷ്ട്രീയ അനുഭാവം ഡോക്ടറായിട്ടും സിവിൽ സർവീസിൽ ഉദ്യോഗസ്ഥനായിട്ടും ഞാൻ ഉപേക്ഷിച്ചില്ല.

വ്യക്തി താല്പര്യങ്ങളും സ്ഥാനമോഹവുമാണ് എന്നെ നയിച്ചതെങ്കിൽ ഒരു സീനിയർ ഡോക്ടറായോ,അക്കൗണ്ട് ജനറലായോ ഉയർന്നു സാമ്പത്തിക സുരക്ഷയും മറ്റു നേട്ടങ്ങളും സ്വന്തമാക്കിയതിന് ശേഷം,
രാഷ്ട്രീയ സൗഹൃദങ്ങൾ ഉപയോഗിച്ച്,
കോൺഗ്രസിൽ ഒരുന്നത സ്ഥാനമോ ജയസാധ്യതയുള്ള സീറ്റോ സ്വന്തമാക്കുക എളുപ്പമായിരുന്നു.
എന്നാൽ മുപ്പത്തി മൂന്നു വയസ്സിൽ ഉന്നതമായ ജോലിയുപേക്ഷിച്ചു സാധാരണ
പ്രവർത്തകരോടൊപ്പം പണിയെടുത്ത് അവരിലൊരാളായി അവരുടെ വികാരങ്ങൾ പരിഗണിച്ചു കൊണ്ട് കൂടി പ്രവർത്തിച്ചു വരാനാണ് ഞാൻ ആഗ്രഹിച്ചത്.

അധികാരവാഞ്ഛയാണ് എന്നെ നയിച്ചത് എങ്കിൽ തുടരെയുള്ള പരാജയങ്ങളിൽപ്പെട്ട് ഉഴലുന്ന കോൺഗ്രസ്സ് പാർട്ടിയിലേക്ക് ഒരു സാധാരണ പ്രവർത്തകനായി ഞാൻ കടന്ന് വന്നതെന്തിനാണ്? രാജ്യത്തെ സാമൂഹിക ഐക്യവും, മതേതര മൂല്യങ്ങളും ആത്മാർത്ഥമായി നെഞ്ചിലേറ്റി പ്രവർത്തിക്കാനാണ് തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് വീണുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ ചേരുമ്പോൾ ഞാൻ ആഗ്രഹിച്ചത്.

എന്നാൽ ആത്മാർത്ഥമായ രാഷ്ട്രീയ പ്രവർത്തനമോ,
സാമൂഹ്യ പ്രവർത്തനമോ കോൺഗ്രസിൽ സാധ്യമല്ലെന്നു ഞാൻ വേദനയോടെ മനസ്സിലാക്കി.

നിസ്വാർത്ഥമായ പ്രവർത്തനങ്ങളല്ല,
നേതാക്കന്മാരുടെ വ്യക്തി താൽപ്പര്യങ്ങളും അജണ്ടകളുമാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.
ക്ഷമിച്ചും സഹിച്ചും മുന്നേറാൻ തന്നെയാണ് എന്റെ കൂടെയുള്ള നിരവധി നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരുടെ വികാരമുൾക്കൊണ്ട് ഞാൻ കരുതി പോന്നത്.

എന്നാൽ ആശയാദർശങ്ങളിൽ വെള്ളം ചേർത്ത് വർഗീയതയോട് പോലും സന്ധി ചെയ്യാം എന്ന് കേരളത്തിലെ കോൺഗ്രസ് തീരുമാനിച്ചപ്പോൾ അവിടെ നിന്നിറങ്ങാതെ കഴിയില്ലെന്നായി.
അനിയനെ പോലെ കണ്ട മനുഷ്യർ പോലും സ്ഥാനലബ്ധിയിൽ ഗുണ്ടകളുടെ ഭാഷയിൽ ഭീഷണിപ്പെടുത്താൻ തുനിഞ്ഞ സാഹചര്യം
ഏറെ വേദനാജനകമായിരുന്നു.

പാർട്ടിക്കകത്ത് വിയോജിപ്പുകൾ ഉന്നയിക്കാനുള്ള അവസരം പോലും തരാതെ,
എന്നെ നിഷ്ക്കരുണം പുറംതള്ളി.

മൂന്നു പതിറ്റാണ്ടായി സ്നേഹിച്ചു,
വിശ്വസിച്ച ഒരു പ്രസ്ഥാനം എന്നെ തെരുവിലുപേക്ഷിച്ചപ്പോൾ,
എന്നെ അനാഥമാക്കില്ല എന്ന്‌ വാക്ക് നൽകിയ,
പിന്തുണ നൽകിയ ഇടതുപക്ഷത്തോട്,
എന്റെ സഖാക്കളോട്,
ചെങ്കൊടിയോട്,
ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും,
കൂറുള്ളവനായിരിക്കും.

ഇടതുപക്ഷത്തേക്ക് കടന്നു വരുന്നൊരാൾക്ക് മറ്റുള്ള പാർട്ടികളിലേതു പോലെ പെട്ടെന്ന് പാർട്ടി അംഗത്വം ലഭിക്കില്ല എന്നെനിക്കറിയാം,
‘സഖാവേ’ എന്നാരും പെട്ടെന്ന് കയറി വിളിക്കില്ലെന്നും..

എങ്കിലും കുറച്ചു വൈകാരികമായി തന്നെ പറയട്ടെ,
നിങ്ങളാൽ ‘സഖാവേ’എന്ന വിളി കേൾക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.

വർഗീയതക്കും പിന്തുടർച്ചാ രാഷ്ട്രീയത്തിനും എതിരായ എന്റെ ഈ പോരാട്ടത്തിൽ,
പ്രിയ സഖാക്കൾ എന്നെ നിങ്ങളിലൊരാളായി കണ്ട്‌ ചേർത്തു നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്നലെ മുതൽ നാം ഏറ്റടുത്തിരിക്കുന്ന ദൗത്യം, നമ്മുടെ നാടിനെ സംബന്ധിച്ചുള്ള ചില രാഷ്ട്രീയ സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. എന്നെന്നും നാം നിലകൊണ്ടിട്ടുള്ളത്, ജനാധിപത്യ-മതേതര-ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് കൊണ്ട് കേരളത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ്.

പാലക്കാട് ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി എന്നെ പാർട്ടി നിയോഗിച്ചതും ഈ പോരാട്ടം കോട്ടമില്ലാതെ മുന്നോട്ട് നയിക്കാനാണ്.

പ്രിയ സഖാക്കളെ,
കൂടെ നിൽക്കണം, കൂടെയുണ്ടാവണം.

അഭിവാദ്യങ്ങളോടെ.
ഡോ. പി സരിൻ

Leave a Reply

Your email address will not be published.