‘പാർട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം’

‘പാർട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം’


പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്, എല്ലാ അര്‍ത്ഥത്തിലും. വേദനയും പ്രയാസവും അഭിമുഖീകരിക്കുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും, കണ്ണൂരിലെ പാര്‍ട്ടിയായാലും, കേരളത്തിലെ പാര്‍ട്ടിയായാലും എല്ലാം തന്നെ. അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ടെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കുടുംബാഗങ്ങളെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും സങ്കടത്തിലാഴ്ത്തിയ സംഭവമാണ്. നവീന്‍ ബാബുവിന്റെ ഭാര്യയും മക്കളുമായി സംസാരിച്ചു. തങ്ങള്‍ക്ക് സര്‍വസ്വവും നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമപരമായ പരിരക്ഷ കിട്ടണം. ഉത്തരവാദപ്പെട്ട ആരാണോ അവരെ ശിക്ഷിക്കണമെന്നും കുടുംബം പറഞ്ഞു. ഈ സംഭവം നടന്ന സന്ദര്‍ഭത്തില്‍ ഞങ്ങള്‍ പിബി യോഗം നടക്കുന്നതിനാല്‍ ഡല്‍ഹിയിലായിരുന്നു. അതിനാലാണ് ഇപ്പോള്‍ സന്ദര്‍ശിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
മാധ്യമങ്ങളിലും മറ്റും പാര്‍ട്ടി രണ്ടു തട്ടിലാണെന്ന വാദമുണ്ട്. എന്നാല്‍ സിപിഎം അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. വേറെയാരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ അന്തിമ നിലപാട്. അതിനാല്‍ അത്തരത്തിലുള്ള പ്രചാരണമൊന്നും വേണ്ട. നവീന്റെ മരണത്തില്‍ അന്വേഷണം നടക്കുകയാണ്. എന്താണോ അന്വേഷിച്ച് കണ്ടെത്തുന്നത് അതിനനുസരിച്ചുള്ള നിലപാട് എടുക്കും. ദിവ്യയുടെ മൊഴി പൊലീസ് ഇതുവരെ എടുത്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മൊഴിയെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടി പൊലീസ് സ്വീകരിക്കേണ്ടതാണ് എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി

Leave a Reply

Your email address will not be published.