കൊച്ചി: ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ആറാം പ്രതിയായ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്ത്തകന് മുഹമ്മദ് ഹാറൂണിന് ഹൈക്കോടതി ജാമ്യം നല്കി. പിഎഫ്ഐ അംഗത്വമുണ്ടെന്നത് കുറ്റകൃത്യം ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
2022 ജനുവരി മുതല്‍ താന്‍ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മുഹമ്മദ് ഹാറൂണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഞ്ജിത്തിനെ വധിച്ചത് പോപുലര്‍ ഫ്രണ്ട് ആണെന്നും ഇതുമായി ബന്ധപ്പെട്ട അഞ്ചു ഗൂഢാലോചനകളില്‍ ഹാറൂണ്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂഷന് ആരോപിച്ചു. ഹാറൂണ്‍ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷകള്‍ മുമ്പ് തള്ളിയിരുന്നുവെന്നും ഇപ്പോഴും അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളതെന്നും പ്രോസിക്യൂഷന് വാദിച്ചു.ഹാറൂണ്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് പ്രോസിക്യൂഷന് പറയുന്നില്ലെന്നും ഗൂഢാലോചനക്കുറ്റo വിചാരണയിലാണ് തെളിയിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ ദീര്‍ഘകാലം തടവിലാക്കപ്പെട്ടതും വിചാരണ വൈകുന്നതും പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള അടിസ്ഥാനമല്ലെങ്കിലും എന്‍ഡിപിഎസ് ആക്റ്റ്, യുഎപിഎ തുടങ്ങിയ പ്രത്യേക നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് സുപ്രീം കോടതി തുടര്‍ച്ചയായി അധിക വ്യവസ്ഥകള്‍ ചുമത്തുന്നത് കാണാതിരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹരജിക്കാരന്റെ തടങ്കല്‍ കാലയളവും വിചാരണ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസവും ഹരജിക്കാരനെതിരായ ആരോപണങ്ങളുടെ സ്വഭാവവും പരിഗണിച്ച് ജാമ്യം നല്കാന് താന്‍ ആഗ്രഹിക്കുന്നുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 2021 നവംബര്‍ 15നാണ് പാലക്കാട്ടെ ആര്‍എസ്എസ് നേതാവായ സഞ്ജിത്ത് കൊല്ലപ്പെട്ടത്.
Leave a Reply