സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിക്ക് നോട്ടീസ്
തൃശൂർ : പ്രസവാനുകൂല്യം അനുവദിക്കാതിരുന്നതിനെ തുടർന്ന്, ഡിഫൻസ് കൗൺസിൽ അഭിഭാഷക നല്കിയ ഹർജിയിൽ സംസ്ഥാന നിയമസഹായ അഥോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്. യൂണിയൻ ഓഫ് ഇന്ത്യ, ദേശീയ, സംസ്ഥാന, ജില്ല നിയമ സേവന അഥോറിറ്റി ഇവർക്കെതിരെ തൃശൂരിലെ ഡിഫൻസ് കൗൺസിൽ അഭിഭാഷകയായ, എഡ്വിന ബെന്നി ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്രകാരം ഉത്തരവായത്.
2022 ലെ ദേശീയ സ്കീം പ്രകാരമാണ് സംസ്ഥാനത്ത് സർക്കാർ വക ഡിഫൻസ് കൗൺസിൽ സിസ്റ്റം ആരംഭിക്കുകയുണ്ടായത്. ക്രിമിനൽ കോടതികളിൽ പ്രതികൾക്കു വേണ്ടി നിയമ സേവനം ലഭ്യമാക്കുക എന്നതാണ് ഡിഫൻസ് കൗൺസിൽ അഭിഭാഷകരുടെ കർത്തവ്യം. 2023 ജനുവരിയിലാണ് തൃശൂർ ജില്ലയിലെ കോടതികളിൽ അഡ്വ. എഡ്വിന ബെന്നിയെ ഇപ്രകാരം നിയമിക്കുകയുണ്ടായത്. സേവനം തുടരുന്നതിനിടയിലാണ് അഡ്വ. എഡ്വിന ബെന്നി പ്രസവാനുകൂല്യത്തിന് അപേക്ഷ നല്കിയത്. എന്നാൽ 2022 ലെ സ്കീമിൽ പ്രസവാവധിയെകുറിച്ചും മറ്റ് ആനുകൂല്യങ്ങളെ കുറിച്ചും പരാമർശിക്കപ്പെടാത്തതിനാൽ, ദേശീയ നിയമ സേവന അഥോറിറ്റിയാണ് ഈ കാര്യത്തിൽ വ്യക്തത വരുത്തേണ്ടതെന്നുള്ള നിലപാടാണ് സംസ്ഥാന അഥോറിറ്റി കൈക്കൊണ്ടത്. ഡിഫൻസ് കൗൺസിൽമാരുടെ പ്രസവാവധി സംബന്ധമായ കാര്യത്തിൽ ദേശീയ, സംസ്ഥാന, ജില്ല നിയമ സേവന അഥോറിറ്റികൾക്ക് സമയബന്ധിതമായി മറുപടി നല്കുവാൻ ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അഡ്വ.എഡ്വിന ബെന്നി ഹൈക്കോടതിയിൽ റിട്ട് ഹർജി നല്കിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് മുരളി പുരുഷോത്തമൻ, സംസ്ഥാന നിയമ സേവന അതോറിറ്റിക്ക് നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. കേസ് വീണ്ടും 2024 ഒക്ടോബർ 21ന് പരിഗണിക്കും. ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകരായ ആർ.വി.ഗ്രാലൻ, ഡി.ജി.വാര്യർ, വിമൽ വിജയ് എന്നിവർ ഹാജരായി.
Leave a Reply