രാജ്യത്തിൻ്റെ പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു
കൊച്ചി: പുരോഗമന സമൂഹമെന്ന നിലയിൽ മികച്ച സാമൂഹിക നിലപാടുകൾ എടുക്കുന്ന കേരളീയർ സ്ത്രീകൾക്കെതിരെ അക്രമം നടത്തിയ നടൻമാരെ ആരാധിക്കുന്ന നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. അക്രമങ്ങൾക്കെതിരെ ചെറുവിരൽ അനക്കാതെ മൊബൈലിൽ ഷൂട്ട് ചെയ്ത് സൊഷ്യൽ മീഡിയയിൽ ഇടുന്ന പ്രവണത നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഇൻഡോറിൽ പട്ടാപകൽ ബലാൽ സംഗത്തിനിരയായ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ ഷൂട്ട് ചെയ്ത സംഭവമടക്കം നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ എടുത്ത് കാണിക്കാൻ കഴിയും. ഉയർന്ന ബൗദ്ധികനിലവാരം പുലർത്തുന്ന കേരളീയ സൂഹം പുലർത്തുന്ന നിസംഗത അപായസൂചന നൽകുന്ന ഒന്നാണ്.
എറണാകുളം പ്രസ് ക്ലബും തേവര സേക്രട്ട് ഹാർട്ട് കൊളേജ് ജേർണലിസം വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച മാധ്യമ പ്രവർത്തനത്തിലെ ഗാന്ധിയൻ മൂല്യങ്ങൾ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
മാധ്യമങ്ങൾ ഭരണകർത്താക്കളുടെ അടിമത്ത്വം സ്വീകരിക്കുന്ന നിലപാടാണ് കൈ കൊണ്ടിട്ടുള്ളത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ട്. എന്നാൽ സാധാരണക്കാരടക്കം അദൃശമായ സെൻസർഷിപ്പിനെ ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഗാന്ധിജി പറഞ്ഞ സെൻസർഷിപ്പ് ആത്മസംയമനത്തെയാണ് സൂചിപ്പിക്കുന്നത്. നിലവിൽ ദൃശ്യമാധ്യമങ്ങളിൽ അവതാരകരുടെ ആക്രോശങ്ങളാണ് നിറയുന്നത്. ചർച്ചകൾ വെറും വിനോദപാധികളായി മാറി. സ്ഫോടനാത്മകമായ വാർത്തകൾ സൃഷ്ട്ടിക്കുന്നതിലല്ലാ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കേണ്ടത്. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടതെന്നും തുഷാർ പറഞ്ഞു.
എറണാകുളം പ്രസ്ക്ലബ് പ്രസിഡൻ്റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൊളേജ് പ്രിൻസിപ്പൽ ഡോ. സി.എസ് ബിജു ജേർണലിസം വകുപ്പ് ഡയറക്ടർ ബാബു ജോസഫ്, പ്രസ്ക്ലബ് സെക്രട്ടറി ഷജിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply