സൈബര്‍ സുരക്ഷാ അംബാസഡര്‍ ആയി നടി രശ്മിക മന്ദാന

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡറായി നടി രശ്മിക മന്ദാനയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. സൈബർ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും.

വിഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതലയെക്കുറിച്ച് താരം പങ്കുവച്ചത്. ‘നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം’- എന്ന വാചകത്തോടെയാണ് രശ്മിക സോഷ്യൽ മീ‍ഡിയ അക്കൗണ്ടുകളിലൂടെ വിഡിയോ പങ്കുവെച്ചത്. ‘സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധി പേരെ രക്ഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’. അതുകൊണ്ടാണ് ബ്രാൻഡ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതെന്നും രശ്മിക വിഡിയോയിൽ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതം നേരിട്ട ഒരാളെന്ന നിലയിൽ, നമ്മുടെ ഓൺലൈൻ ലോകത്തെ സംരക്ഷിക്കാൻ കർശനമായ നടപടികൾക്കുള്ള സമയമാണിതെന്നും താരം കൂട്ടിച്ചേർത്തു. 1930 എന്ന നമ്പറിൽ വിളിച്ചോ cybercrime.gov.in എന്ന സൈറ്റിലൂടെയോ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും രശ്മിക കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.