പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വത കാണിക്കണം; എ.ഡി.എം ആത്മഹത്യയിൽ പ്രതികരിച്ച് കെ. രാജൻ

പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വത കാണിക്കണം; എ.ഡി.എം ആത്മഹത്യയിൽ പ്രതികരിച്ച് കെ. രാജൻ

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. ജനപ്രതിനിധികള്‍ ആരായാലും പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വതയും പൊതുധാരണ ഉണ്ടായിരിക്കണം എന്നും കെ. രാജൻ.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി.  വളരെ സങ്കടകരമായ നിമിഷമാണിത്. നവീന്‍ ബാബു റവന്യു കുടുംബത്തിലെ ഒരു അംഗമാണ്. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ ദുഃഖം ഉണ്ടാക്കുന്നതാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നവീനെ കുറിച്ച് ഇതുവരെ ഒരു മോശമായ പരാതിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വ്യക്തിപരമായ എന്റെ അറിവ് അനുസരിച്ച് നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ്. എഡിഎം എന്ന കണ്ണൂരിലെ ചുമതലയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റിയത്. 2025 മാര്‍ച്ച്, ഏപ്രില്‍ സമയത്ത് വിരമിക്കും എന്നത് കൊണ്ട് കുറച്ചുകാലം നാട്ടില്‍ ജോലി ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ണൂരിലെ ജില്ലാ കലക്ടറോട് അടിയന്തരമായി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കും. ഗൗരവമായ അന്വേഷണം ഉണ്ടാവും. റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കെ രാജന്‍. 

Leave a Reply

Your email address will not be published.