പൂര ദിനത്തിൽ ആംബുലന്‍സ് ദുരുപയോഗിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

പൂര ദിനത്തിൽ ആംബുലന്‍സ് ദുരുപയോഗിച്ചെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂർ: തൃശൂർ പൂരം അല​ങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി സുരേഷ് ഗോപി ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചുവെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃ​ശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി രേഖപ്പെടുത്തി.

ചട്ടവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ചെന്ന് ആരോപിച്ച് അഡ്വ. അഭിലാഷ് കുമാര്‍ നല്‍കിയ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തൃശൂർ റീജ്യനൽ ട്രാൻസ്​പോർട്ട് എൻഫോഴ്സ്മെന്റ് ഓഫിസർക്കാണ് അന്വേഷണത്തിന്റെ ചുമതല.

ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്നാണ് സുമേഷിന്റെ പരാതിയിലുള്ളത്. ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കുന്നതിനായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

തൃശൂർ പൂരം അല​​​​ങ്കോലമായതിനു പിന്നാലെ സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി പ്രശ്നപരിഹാരത്തിനായി എത്തിയത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് സുരേഷ് ഗോപിയെ എത്തിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചതെന്നാണ് ബി.ജെ.പി നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published.