തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തിൽ പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനരധിവാസത്തിന് ഉടൻ സ്ഥലം ഏറ്റെടുക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തിൽ തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവിൽ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം കോൺക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ദുരന്തത്തിൽ സ്വീകരിച്ച നടപടികൾക്ക് നന്ദി പറഞ്ഞ എംഎൽഎ എല്ലാവരും കൂട്ടായി നിന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിയെന്നും കൂട്ടിച്ചേർത്തു.
ദുരന്ത പ്രദേശത്ത് പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നി. ഒന്നര മണിക്കൂർ കൂടുതല്‍ സമയമെടുത്ത് പ്രധാനമന്ത്രി എല്ലായിടവും സന്ദര്‍ശിച്ചു. എന്നാല്‍ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതില്‍ നയാപൈസ അനുവദിച്ചില്ല.
പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് തിരച്ചില്‍ അവസാനിപ്പിച്ചതാണ്. പിന്നീട് ഒരു ദിവസം മാത്രമാണ് തിരച്ചില്‍ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിനും നിര്‍ണായകമാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരിത ബാധിതര്‍ ഇപ്പോഴും കടക്കെണിയിലാണ്. വായ്പാ ബാധ്യതകളില്‍ തീരുമാനം ആയിട്ടില്ല. ഒട്ടും വൈകാതെ തന്നെ പുനരധിവാസം നടപ്പാക്കണം. ഏറ്റെടുക്കുന്ന തോട്ടഭുമി നിയമക്കുരുക്കിലല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.
Leave a Reply