കണക്ക് പറഞ്ഞ് പിണറായി; വയനാടിന് കേന്ദ്ര സഹായം വേണം

കണക്ക് പറഞ്ഞ് പിണറായി; വയനാടിന് കേന്ദ്ര സഹായം വേണം


തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസ്സാക്കി. വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണം. ഇതുവരെ സഹായം നല്‍കാത്തത് ഖേദകരമാണ്. വായ്പകള്‍ എഴുത്തള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

 തിരച്ചിലിലും പുനരധിവാസ പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു. മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ദുരന്ത ബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വാടകയ്ക്ക് താമസ സൗകര്യം കണ്ടെത്തുകയും 28 ദിവസത്തിനുള്ളിൽ അവരെ മാറ്റി താമസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മരണ രജിസട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും, ദുരന്തബാധിതര്‍ക്ക് നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയില്‍ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി മുഴുവന്‍ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റും ഫര്‍ണിച്ചര്‍ സാമഗ്രികളും നല്‍കി. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികള്‍ ഉറപ്പാക്കുകയും ചെയ്തു.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്ന് 4 ലക്ഷവും, സിഎംഡിആര്‍എഫില്‍ നിന്ന് 2 ലക്ഷവും വീതം. ഈ ഇനത്തില്‍ എസ്ഡിആര്‍എഫില്‍ നിന്ന് 5 കോടി 24 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 2 കോടി 62 ലക്ഷം രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ വീതം നല്‍കി. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ 26 പേര്‍ക്ക് 17 ലക്ഷത്തി പതിനാറായിരം രൂപ സഹായം നല്‍കി. ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും നല്‍കി. ഉപജീവനസഹായമായി ദുരന്തബാധിത കുടുംബത്തിലെ 1694 പേര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയില്‍ 531 കോടി 12 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. സംസ്ഥാന ദുരന്ത പ്രതിരോധ നിധിയില്‍ ലഭിച്ച സിഎസ്ആര്‍ മൂന്നര കോടി രൂപയാണ് ലഭിച്ചത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒട്ടനവധി സഹായവാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കിയശേഷം ഓഫറുകള്‍ നല്‍കിയവരുമായി വിശദമായ ചര്‍ച്ച നടത്തി മുന്നോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നിവരുമായി ഈ സഭാസമ്മേളനം അവസാനിക്കുന്നതിനു മുമ്പു തന്നെ നടത്തണമെന്നാണ് ആലോചിച്ചിട്ടുള്ളത്. മിക്കവാറും നാളെ നടത്താനാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published.