തിരൂർ: രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് സർക്കാർ അനുവദിച്ചിട്ടുള്ള 10 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള തടസ്സം നീക്കണമെന്നും സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.

കായിക വകുപ്പും തിരൂർ മുനിസിപ്പാലിറ്റിയും ആയിട്ടുള്ള തർക്കമാണ് സ്റ്റേഡിയം നിർമാണത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്നും കിഫ്ബി പദ്ധതി പ്രകാരമുള്ള പഞ്ചായത്ത് / മുനിസിപ്പാലിറ്റി സ്റ്റേഡിയം നിർമ്മാണത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫോർമാറ്റിൽ ധാരണ പത്രം ഒപ്പിടാൻ മുനിസിപ്പാലിറ്റി തയ്യാറാവുകയാണ് എങ്കിൽ സ്റ്റേഡിയത്തിന്റെ പണി ഉടൻ ആരംഭിക്കാം എന്നും മന്ത്രി പറഞ്ഞു.

സ്റ്റേഡിയത്തിലെ ഫീൽഡ് ഓഫ് പ്ലേയുടെ അധികാരം മാത്രം കായിക യുവജനകാര്യ ഡയറക്ടർക്ക് വിട്ടു നൽകിക്കൊണ്ട് ബാക്കി നിർമ്മാണങ്ങളുടെ പരിപാലനം സർക്കാരും മുൻസിപ്പാലിറ്റിയും ചേർന്ന് ജോയിൻറ് കമ്മിറ്റിയുടെ കീഴിൽ ഉൾപ്പെടുത്താം എന്ന വ്യവസ്ഥ അംഗീകരിച്ചാൽ സ്റ്റേഡിയം യാഥാർത്ഥ്യമാകും.

ഫീൽഡ് ഓഫ് പ്ലേയ്ക്ക് ആവശ്യമായി വരുന്ന സ്ഥലം കൃത്യമായി കണക്കാക്കി അത്രയും ഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരുമായി ധാരണ പത്രം ഒപ്പിടുന്നതിന് മുൻസിപ്പാലിറ്റിയോട് അഭ്യർത്ഥിച്ച് അത് നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്ന് എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published.