സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടി കൊരട്ടി ഗ്രാമപഞ്ചായത്ത്

രവിമേലൂർ

കൊരട്ടി: സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ കേരളം പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം പൂർത്തിയാക്കി കൊരട്ടി ഗ്രാമപഞ്ചായത്ത്. ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത പഠിതാക്കളെ കണ്ടെത്താനുള്ള സർവേ മുതൽ ട്രെയിനിങ്, മൂല്യനിർണയം എന്നീ വിവിധ ഘട്ടങ്ങൾ വാർഡ് തലത്തിൽ തന്നെ വിജയകരമായി നടത്തിയാണ് കൊരട്ടി 100 ശതമാനം ഡിജിറ്റൽ സാക്ഷരതയെന്ന ലക്ഷ്യം കൈവരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു, സെക്രട്ടറി ശ്രീലത കെ.എ എന്നിവർ അറിയിച്ചു.

വാർഡ് തല സർവേയിൽ 3600 പേർക്കാണ് ഡിജിറ്റൽ സാക്ഷരത ഇല്ലെന്ന് പഞ്ചായത്ത് കണ്ടെത്തിയത്. ഇവർക്ക് സ്മാർട്ട് ഫോൺ ഉപയോഗം, ഇന്റർനെറ്റ് ഉപയോഗം, സർക്കാർ തലത്തിലുള്ള സേവനങ്ങൾ സംബന്ധിച്ചുള്ള പ്രാഥമിക അറിവ് എന്നിവയിൽ പരിശീലനം നൽകി.

വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കൊരട്ടി നൈപുണ്യ കോളേജ്, അങ്കൺവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് രണ്ടു മാസം നീണ്ടുനിന്ന ട്രെയിനിങ് പൂർത്തിയാക്കിയത്. ട്രെയിനിങ്ങിന് ശേഷം പഠിതാക്കൾ ആർജിച്ച അറിവിനെക്കുറിച്ചുള്ള മൂല്യനിർണയവും പൂർത്തിയാക്കിയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനത്തിലേക്ക് പഞ്ചായത്ത് എത്തിയത്. അസി. സെക്രട്ടറി എം.ജെ ഫ്രാൻസിസ്, ജൂ.സൂപ്രണ്ട് ബിന്ദു. ജി. നായർ, പ്രോജക്ട് കോ-ഓർഡിനേറ്റർ മൊഹ്സിന ഷാഹു , ടെക്നിക്കൽ അസിസ്റ്റൻ്റ് സിൽജോ പോൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരണം നടന്നത്.

Leave a Reply

Your email address will not be published.