മലപ്പുറം പരാമർശം: ചീഫ്സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി

മലപ്പുറം പരാമർശം: ചീഫ്സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും  ഇന്ന് രാജ്ഭവനിലെത്തണമെന്ന ഗവർണറുടെ നിർദേശത്തെ തള്ളി സർക്കാർ. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല എന്ന് അറിയിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു.  സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും ഉന്നയിച്ച് കൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത്.

മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ‘ദ ഹിന്ദു’ പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെക്കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തില്‍ ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. പിആര്‍ ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു പത്രത്തിന്റെ വിശദീകരണം. എന്നാല്‍ നേരത്തെയും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. പരാമര്‍ശത്തെപ്പറ്റി ചൊവ്വാഴ്ച രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.

മുഖ്യമന്ത്രി കത്തയച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് പോകില്ലെന്ന് ഉറപ്പായി. ഗവർണറും സർക്കാരും തമ്മിൽ അടുത്ത ഏറ്റുമുട്ടലിനു വഴിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം.

Leave a Reply

Your email address will not be published.