മലപ്പുറം: മുന്‍ എസ്പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മലപ്പുറത്ത് വീട്ടമ്മ നൽകിയ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പരാതിക്ക് യാതൊരു അടിസ്ഥനവുമില്ലെന്നും എസ്പി അടക്കമുളളവര്‍ക്കെതിരെ കേസ് എടുക്കാനുള്ള തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരാതി നല്‍കിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് മലപ്പുറം സ്വദേശിയായ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മലപ്പുറം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഫിറോസ് എം ഷഫീഖ് ആണ് സര്‍ക്കാരിനായി മറുപടി സത്യവാങ്മൂലം നല്‍കിയത്.
മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി പൊന്നാനി മുന്‍ സിഐ വിനോദ് തുടങ്ങിയ
ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കം പരിശോധിച്ചുവെന്നും ഒരു തെളിവും കണ്ടെത്താന്‍ ആയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുത്താല്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാട് ആകുമെന്നും പരാതി തള്ളണമെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി. പി സുജിത്ത് ദാസ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കാതെയായതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്കിയ പൊന്നാനി സിഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.
Leave a Reply