മലപ്പുറം പരാമർശം:വിഭാഗീയതക്ക് തീ കൊടുത്ത് നാടിന്റെ സ്വാസ്ഥ്യം കെടുത്തരുത്:കെ എൻ എം

തിരൂർ: വിഭാഗീയതക്ക് തീ കൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് കെ എൻ എം മലപ്പുറം ജില്ലാ സംയുക്ത സംഗമം ആവശ്യപ്പെട്ടു. കേരള സർക്കാർ പണം നൽകി ഏൽപ്പിക്കുന്ന പി ആർ ഏജൻസികൾ വിഭാഗീയത പരത്തുന്ന ഇടപെടലുകൾ നടത്തുന്നത് അത്യന്തം അപകടകരമാണ്.
മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന വരുന്നത് സംഘ് പരിവാർ അജണ്ടകൾക്കു പരവതാനി വിരിക്കാനുള്ള ശ്രമമാണ്. മുസ്‌ലിം ന്യുനപക്ഷങ്ങളെ ലക്ഷ്യം വെച്ച് വർഗീയ ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കുപ്രചാരണത്തിന് കൊടിപിടിക്കുന്ന രീതി പക്വതയുള്ള രാഷ്ട്രീയ നേതൃത്വത്തിന് ചേർന്നതല്ല.മുൻ കാലങ്ങളിലും മലപ്പുറം ജില്ലക്കെതിരെ വർഗീയമായ പരാമർശം നടന്നിട്ടുണ്ട്.
മലപ്പുറം ജില്ലയെ സ്വർണകടത്ത്,കള്ളപ്പണം മുദ്ര ചാർത്തി അപരവത്‌കരിക്കാനുള്ള ഹീനമായ നീക്കം ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കാൻ സുമനസ്സുകൾ രംഗത്ത് വരണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ:എ.ഐ അബ്ദുൽ മജീദ് സ്വലാഹി സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.അബ്ദുസ്സമദ് അധ്യക്ഷനായി. പുത്തനത്താണിയിൽ ജില്ലാകമ്മിറ്റി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി സംഗമം വിലയിരുത്തി.പദ്ധതി ജനറൽ കൺവീനർ തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ, കെ.എൻ എം ജില്ലാ സെക്രട്ടറി എൻ.കുഞ്ഞിപ്പ മാസ്‌റ്റർ, ഉനൈസ് പാപ്പിനിശ്ശേരി, ജാസിർ രണ്ടത്താണി, എൻ.വി. ഹാഷിം ഹാജി, ഉബൈദുല്ല താനാളൂർ, എൻ.കെ. സിദ്ദീഖ് അൻസാരി, അഷ്റഫ് ചെട്ടിപ്പടി, സി.പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ, മുബഷിർ കോട്ടക്കൽ,ഫൈസൽ ബാബു സലഫി, മുഹമ്മദ് കോട്ടക്കൽ, ബാത്തിഷ് വി,ഡോ: ഖദീജ ഉമർ പ്രസംഗിച്ചു

ഫോട്ടോ:
കെ.എൻ എം ജില്ലാ സംയുക്ത പ്രവർത്തക സംഗമം സംസ്ഥാന സെക്രട്ടറി ഡോ: എ. ഐ അബ്ദുൽ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published.