കൊടകര: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരിന്റെ ”ഡിജി കേരളം” പദ്ധതിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകളും 100% ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു കൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത ബ്ലോക്കായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം 100% സാക്ഷരത കൈവരിച്ച നെന്മണിക്കര, കൊടകര, മറ്റത്തൂര്‍, അളഗപ്പനഗര്‍, തൃക്കൂര്‍, വരന്തരപ്പിള്ളി, പുതുക്കാട് ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. യോഗം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, തദ്ദേശസ്വയം ഭരണ വകുപ്പ് തൃശ്ശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ സിദ്ധിക്ക്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ബൈജു, അമ്പിളി സോമന്‍, ബാബുരാജ് കെ.എം, അശ്വതി വി. ബി, സുന്ദരി മോഹന്‍ദാസ്, കെ.രാജേശ്വരി, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍മാരായ അഡ്വ.അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, സജിത രാജീവന്‍, പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് മെമ്പര്‍മാരായ ഷീല ജോര്‍ജ്, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ സദാശിവന്‍, ഹേമലത നന്ദകുമാര്‍, അസൈയിന്‍ ടി.കെ, ടെസി വില്‍സണ്‍, വി.കെ മുകുന്ദന്‍, സതി സുധീര്‍, കെ.എം ചന്ദ്രന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. രാജ്യാന്തര വാട്ടര്‍ വീക്ക് ഉച്ചക്കോടിയില്‍ ആദരം ഏറ്റുവാങ്ങിയ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിനെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്തുകളിലെ മുതിര്‍ന്ന പൗരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബശ്രീ, എന്‍.സി.സി, എന്‍.എസ്.എസ് സന്നദ്ധസേവ പ്രവര്‍ത്തകര്‍, യുവതിയുവാക്കള്‍ തുടങ്ങിയ വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഏഴു പഞ്ചായത്തുകളിലെ 62,430 കുടുംബങ്ങളില്‍ സര്‍വ്വേ നടത്തി 13,293 പഠിതാക്കളെ കണ്ടെത്തി ഡിജിറ്റല്‍ പരിശീലനം നടത്തിയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ നേട്ടം കൈവരിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ അങ്കണവാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ബെന്നി വടക്കന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.