തിരുവനന്തപുരം: ഞാനോ സര്‍ക്കാരോ ഒരു പി ആര് ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പൈസ പോലും സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നുവെന്ന്.
ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്‍ന്നു നല്‍കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. ഇതില്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തെറ്റായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഹിന്ദു പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പിണറായി വിജയന് ഒഴിഞ്ഞുമാറി.
അഭിമുഖത്തിനായി സമീപിച്ചത് പിആര്‍ ഏജന്‍സിയല്ല, ഒരു പരിചയക്കാരനാണ്. ആലപ്പുഴയിലെ സിപിഎം നേതാവ് ദേവകുമാറിന്റെ മകനായിരുന്നു അത്. അഭിമുഖം പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ താന്‍ പറയാത്ത കാര്യം വന്നു. അഭിമുഖത്തിനെത്തിയ രണ്ടാമന് ആരെന്ന് അറിയില്ല. ലേഖികയ്ക്ക് ഒപ്പമുള്ള ആളെന്ന് കരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കൂടി കടന്നുവരുന്നുണ്ട്. രണ്ടുപേരാണ് ആദ്യം വന്നത്. പിന്നീടാണ് മൂന്നാമന് എത്തിയത്. ദ് ഹിന്ദുവിന്റെ മാധ്യമപ്രവര്‍ത്തകയുടെ കൂടിയുള്ള ആളാണെന്ന് മാത്രമേ താന്‍ മനസിലാക്കിയുള്ളു. പിന്നെയാണ് പറയുന്നത് അത് ഏതോ ഏജന്‍സിയുടെ ആളാണെന്ന്. തനിക്ക് അത്തരമൊരു ഏജന്‍സിയെ അറിയില്ല, വന്നയാളെയും അറിയില്ല. അവിടെ വന്ന് ഇരുന്നു എന്നത് ശരിയാണ്. കേരള ഹൗസില്‍ ഇരിക്കുന്ന സമയത്താണ് അത് നടക്കുന്നത്. തനിക്ക് ഒരു ഏജന്‍സിയുമായും ബന്ധമില്ല, ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുമില്ല, ഒരു ഏജന്‍സിക്കും ഇതിന്റെ ഉത്തരവാദിത്തം കൊടുത്തിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply