പട്ടികവിഭാഗങ്ങൾക്ക് നീതി വേണം

ചാലക്കുടി നിയോജകമണ്ഡലത്തിൽ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രിയുടെ അടിയന്തിര ഇടപെടലുകൾ ആവശ്യമായ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രി ഒ ആർ കേളുവിന്‌ സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി.

രവിമേലൂർ

2023-2024 വര്‍ഷത്തെ ബഡ്ജറ്റില്‍ നിയോജകണ്ഡലത്തിലെ വാഴച്ചാലില്‍ ഗോത്ര വര്‍ഗ്ഗ പൈതൃക സംരക്ഷണ കേന്ദ്രത്തിനായി 5 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിക്കുകയും ആയതിന്റെ 20% തുകയായ ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള പ്രവർത്തിയ്ക്കാവശ്യമായ ഏജന്‍സിയെ നിശ്ചയിക്കുവാനും ഡി പി ആർ തയ്യാറാക്കുവാനുമുള്ള നടപടികൾ സ്വീകരിയ്ക്കണമെന്ന് എം എൽ എ കത്തിൽ ആവശ്യപ്പെട്ടു.

അരേക്കാപ്പ്, വെട്ടിവിട്ടകാട് പ്രകൃതി നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള നിബിഡ വനത്തിലെ ചെറിയ നടപ്പാതയിലൂടെ നാല് കി.മീറ്ററോളം ചുമന്നാണ് രോഗികളെ പോലും പ്രകൃതിയില്‍ നിന്നും പുറത്ത് എത്തിക്കുന്നതെന്നും ഇവര്‍ക്ക് റോഡ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികള്‍ സ്വീകരിക്കണമെന്നും എം എൽ എ കത്തിൽ ചൂണ്ടികാണിച്ചു.

പ്രകൃതിയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ ശേഖരിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന ഷോളയാര്‍ ഗിരിജന്‍ സൊസൈറ്റിയുടെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും സൊസൈറ്റിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതിന്റെ പ്രാധാന്യവും കത്തിൽ സൂചിപ്പിച്ചിരുന്നു

വനാവകാശ നിയമ പ്രകാരം കൃഷി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ ആവശ്യമായ ഭൂമി അനുവദിക്കണമെന്നും
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി, അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗറുകളുടെയും പ്രകൃതികളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

ചാലക്കുടിയിൽ പ്രവർത്തിച്ച് വന്നിരുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റലിനു പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നും
വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടത്തിനായി ഒന്നര കോടി രൂപ അനുവദിച്ചിരുന്നതായും എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ മന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നും എം എൽ എ ആവശ്യം ഉന്നയിച്ചു

Leave a Reply

Your email address will not be published.