ബാങ്കിൻ്റെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി തട്ടിപ്പ്

തൃശൂർ: ബാങ്കിൻ്റെ പേരിൽ വാട്സ് അപ് ഗ്രൂപ്പുണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമം. തനിക്കുണ്ടായ അനുഭവം പങ്കു വച്ച് യുവതി

പ്രിയ കൂട്ടുകാരേ…
ഞാൻ രാവിലെ മൊബൈലിൽ നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തിരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള ഗ്രൂപ്പാണ്. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ എന്നെ അഡ്മിൻ ആക്കി മാറ്റിയിരിക്കുന്നു ഗ്രൂപ്പിൽ ഒരു ലിങ്കും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ലിങ്കും ഉണ്ട് സംശയം തോന്നി തൃശൂർ സിറ്റി സൈബർസെല്ലുമായി ബന്ധപ്പെട്ടപ്പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ നമുക്ക് വരുന്ന മെസ്സേജ് മുഴുവൻ മറ്റൊരു നമ്പറിലേക്ക് ഡൈവർട്ട് ചെയ്തു പോകുമെന്നും ഒ.ടി.പി ലഭിച്ചാൽ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പൈസയും സോഷ്യൽ മീഡിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യലും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകുമെന്ന് തൃശൂർ ജില്ലാ സൈബർസെൽ പോലീസ് പറഞ്ഞു. ഞാൻ സൈബർ പോലീസ് സ്റ്റേഷനിൽ നേരിൽ പോയി അവരുടെ നിർദ്ദേശപ്രകാരം കാര്യങ്ങൾ ചെയ്തു. ഈ പോസ്റ്റ് കാണുന്ന മുഴുവൻ സുഹൃത്തുക്കളും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധിക്കുന്നതിലേക്കായി ഇത് പോസ്റ്റ് ചെയ്യുന്നു ശ്രദ്ധിക്കുമല്ലോ.

സൈബർ തട്ടിപ്പുമായി ബന്ധപെട്ട പല പരാതികളും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വരുന്നുണ്ട്. ഒരു പരാതിക്കാരിതന്നെ ഞങ്ങളോടൊപ്പം സൈബർ അവയർനെസ്സിന് മുന്നിട്ടിറങ്ങി പലർക്കും ഈ സന്ദേശം അയച്ചുകൊടുത്ത് ഈ കുറിപ്പ് വൈറൽ ആയതിൽ ഏറെ സന്തോഷമുണ്ട്. കൊറിയറിൽ അന്യായ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട് നിങ്ങൾ വിർച്ച്വൽ അറസ്റ്റിലാണ് എന്നുള്ള ഫെഡെക്സ് സ്കാം എന്ന തട്ടിപ്പിൽതന്നെ നിരവധിപേർ പെടുന്നു എന്നവസ്തുത വളരെ ഖേദകരമാണ്. സോഷ്യൽ മീഡിയ, പത്രങ്ങൾ, ബോധവത്കരണ ക്ളാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സൈബർ തട്ടിപ്പ് ബോധവത്കരണവുമായി തൃശൂർ സിറ്റി പോലീസ് നടത്തിവരുന്നത്. ഇത്തരം സൈബർ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള അലസമനോഭാവവും അശ്രദ്ധയും തട്ടിപ്പുകൾ ആവർത്തിക്കുന്നതിന് കാരണമാകും. സൈബർ തട്ടിപ്പിന് ഇരയായി പണം നഷ്ടപെട്ടാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ വിളിച്ച് അറിയിക്കാനും മറക്കരുത്. കേരള പോലീസ് മറ്റു ജില്ലാപോലീസ് എന്നിവർ നൽകുന്ന സൈബർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക. സുരക്ഷിതരായിരിക്കുക.

Leave a Reply

Your email address will not be published.