വെൺമണി സാഹിത്യം ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

രവി മേലൂർ

വെൺമണി സാഹിത്യം മലയാള ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചെന്ന് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സംസ്കൃത ജടിലമായ ഫ്യുഡൽ കാലഘട്ടത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് മലയാള സാഹിത്യത്തെ മോചിപ്പിച്ച് ജനപ്രിയ സാഹിത്യത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടുകയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഉൾപ്പെടെയുള്ള പച്ചമലയാള പ്രസ്ഥാനത്തിലെ കവികൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള സാഹിത്യ പരിഷത്ത് തിരുവൈരാണിക്കുളം തിരുവാതിര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെൺമണി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി രാധാകൃഷ്ണൻ.
തിരുവൈരാണിക്കുളം ദശപുഷ്പം ഓഡിറ്റോറിയത്തിൽ നടന്ന സാഹിത്യോത്സവത്തിൽ പരിഷത്ത് വൈസ് പ്രസിഡൻ്റ് ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, സെക്രട്ടറി ശ്രീമൂലനഗരം മോഹൻ, ട്രഷറർ പി യു അമീർ, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ എൻ മോഹനൻ, തിരുവാതിര അക്കാദമി സെക്രട്ടറി പി നാരായണൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കൊടുങ്ങല്ലൂർ കളരി എന്ന വിഷയത്തിൽ ഡോ.എസ് കെ വസന്തൻ, പാരമ്പര്യവും ആധുനികതയും വെൺമണി കാലവും എന്നതിൽ ഡോ. ദേശമംഗലം രാമകൃഷ്ണൻ, പുരപ്രബന്ധം എന്ന വിഷയത്തിൽ ഡോ.കെ വി ദിലീപ് കുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഉച്ചകഴിഞ്ഞ് നടന്ന കവിസമ്മേളനം പി ഐ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം മോഹൻ അദ്ധ്യക്ഷത വഹിച്ചു.പി ബി ഹ്യഷികേശൻ, രവിത ഹരിദാസ്, ശ്രീകുമാർ കരിയാട്, ഷാജിത സലിം, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.