പൊന്നാനി: മാവേലി സ്റ്റോറുകളിൽ ഓണത്തിനു മുൻപ് ഭക്ഷ്യ സബ്സിഡി സാധനങ്ങൾ എത്തിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 13 തരം ഭക്ഷ്യ സബ്സിഡി സാധനങ്ങളിൽ നാലെണ്ണം മാത്രമേ എട്ടു മാസക്കാലമായി മാവേലി സ്റ്റോറുകളിൽ ലഭിക്കുന്നുള്ളൂ. സബ്സിഡി സാധനങ്ങൾ ഇല്ലാത്തത് കാരണം ജനങ്ങൾ മാവേലി സ്റ്റോറിനെ ഇപ്പോൾ ആശ്രയിക്കാറുമില്ല. പൊതു വിപണിയിൽ രൂക്ഷമായ വിലക്കയറ്റവും, പല കടകളിലും തോന്നിയപോലെയുള്ള വില നിലവാരവുമാണ് നിലവിലുള്ളത്. വിലക്കയറ്റവും, വിലനിലവാരവും പരിശോധിക്കേണ്ട സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം വർഷങ്ങളായി കട്ടപ്പുറത്ത് തുരുമ്പെടുത്തു നശിക്കുന്നു. 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിലിറക്കുവാൻ പാടില്ല എന്ന നിയമം സർക്കാർ കൊണ്ടുവന്നതാണ് ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരുന്ന പൊതുവിതരണവകുപ്പിന്റെ വാഹനം കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നത്. ഓണത്തിന് മുൻപ് ഭക്ഷ്യ സബ്സിഡി സാധനങ്ങൾ മാവേലി സ്റ്റോറുകളിൽ എത്തിയില്ലെങ്കിൽ മാവേലി സ്റ്റോറിന്റെ പേര് വാമനൻ സ്റ്റോർ എന്നാക്കി മാറ്റണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സി ജാഫർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എൻ എ ജോസഫ് ഉദ്ഘാടനം ചെയ്തു. മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ജെ പി വേലായുധൻ, പ്രദീപ് കാട്ടിലായിൽ,കെ വി സുജീർ, പി ഗഫൂർ, സന്തോഷ് കടവനാട്, കെ പ്രഭാകരൻ, പ്രവിത, എം ബാലകൃഷ്ണൻ, കെ എ റഹീം, ഫസലുറഹ്മാൻ, എം അമ്മുക്കുട്ടി, വി യശോദ എന്നിവർ പ്രസംഗിച്ചു.
Leave a Reply