മന്ത്രി നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറത്ത്
മലപ്പുറം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ജില്ലാതല അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറം വാരിയൻകുന്നത്ത് സ്മാരക ടൗൺഹാളിൽ നടക്കും. ഇന്ന് (12.8.24 തിങ്കൾ) നടത്താനിരുന്ന അദാലത്ത് വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് നീട്ടിയത്.
സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ആഗസ്റ്റ് 7 നും സെപ്റ്റംബർ 7 നുമിടയിൽ എല്ലാ ജില്ലകളിലും തദ്ദേശ അദാലത്ത് എന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കേൾക്കുന്നത്.
കെട്ടിട നിർമ്മാണ പെർമിറ്റ്- പൂർത്തീകരണം – ക്രമവൽക്കരണം, വ്യാപാര- വാണിജ്യ- സേവന ലൈസൻസുകൾ, ജനന- മരണ- വിവാഹ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവ്വഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങൾ, ആസ്തികളുടെ പരിപാലനം, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ വിഷയങ്ങളിൽ ഓൺലൈനായി adalath.lsgkerala.gov.in എന്ന പോർട്ടലിൽ പരാതികൾ സമർപ്പിക്കാം. തദ്ദേശ സ്ഥാപനത്തിൽ സേവനത്തിനായി നൽകിയ അപേക്ഷയുടെ നമ്പറും മറ്റു രേഖകളും വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ടതാണ്.
ലഭിക്കുന്ന പരാതികൾ ഉപജില്ലാ അദാലത്ത് സമിതികൾ പരിശോധിച്ച് തീർപ്പുണ്ടാക്കി ജില്ലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തോടെ മന്ത്രിക്ക് സമർപ്പിക്കുകയും അദാലത്ത് സ്ഥലത്ത് വെച്ച് തന്നെ അപേക്ഷകർക്ക് സേവനം ലഭ്യമാക്കുകയും ചെയ്യും.
Leave a Reply