ബുദ്ധദേബ്‌ ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലി

ബുദ്ധദേബ്‌ ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലി

ബംഗാളിലെ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മികവുറ്റ ഭരണാധികാരിയുമായിരുന്നു വ്യാഴാഴ്‌ച അന്തരിച്ച ബുദ്ധദേബ്‌ ഭട്ടാചാര്യ. ഒരിക്കലും കമ്യൂണിസ്റ്റ്‌ രീതി കൈവിടാതെ ജീവിതാവസാനംവരെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ച വിപ്ലവകാരി. 1977ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതുമുതൽ 2011 വരെ ബംഗാളിനെ പുരോഗമന, വികസന പാതയിലേക്ക്‌ നയിക്കാൻ മുന്നിൽ നിന്നവരിൽ ഒരാൾ. 23 വർഷം മുഖ്യമന്ത്രിയായ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000 നവംബറിൽ അധികാരമേറ്റ ബുദ്ധദേബിന്‌ ഭാരിച്ച ഉത്തരവാദിത്വമാണ്‌ നിറവേറ്റാനുണ്ടായിരുന്നത്‌. വ്യവസായത്തിന്‌ ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മറവിൽ ഇടതുപക്ഷവിരുദ്ധ ശക്തികളെല്ലാം ഒന്നിച്ചുകൊണ്ട്‌ തുടർച്ചയായ കലാപശ്രമം നടത്തി ബുദ്ധദേബ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചപ്പോഴും 2001ലും 2006ലും മുന്നണിയെ വൻ വിജയത്തിലെത്തിച്ചു.

കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽനിന്ന് സാഹിത്യത്തിൽ ബിരുദം നേടിയശേഷം 1966ൽ ആണ് പാർടി അംഗമാകുന്നത്. ചെറുപ്പത്തിൽത്തന്നെ അസാധാരണമായ സംഘാടന നേതൃപാടവം കാഴ്ചവച്ചു, യുവജനസംഘടനയുടെ സംസ്ഥാന നേതാവായി. 1970കളിലെ ഏകാധിപത്യ അർധ-ഫാസിസ്റ്റ് ഭീകരതയുടെ നാളുകളിൽ സിപിഐ എമ്മിനെയും പ്രവർത്തകരെയും സംരക്ഷിക്കാൻ നിർഭയം മുന്നിൽനിന്ന് പ്രവർത്തിച്ചു. ഭരണനേതൃത്വത്തിന്റെ അടിച്ചമർത്തലുകളെ ചെറുത്തുകൊണ്ട്‌ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 1971ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. 1985-ൽ കേന്ദ്ര കമ്മിറ്റിയിലും 2000-ൽ പിബിയിലുമെത്തി. അസുഖബാധിതനായതിനാൽ 2018- മുതൽ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും മാറിനിന്നു.

Leave a Reply

Your email address will not be published.