ഒല്ലൂര്‍ ഗവ. കോളേജ്: സ്ഥലമേറ്റെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍

ഒല്ലൂര്‍ ഗവ. കോളേജ്: സ്ഥലമേറ്റെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍

ഒല്ലൂര്‍ ഗവ. കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ.രാജന്‍. നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒല്ലൂക്കര മുളയം വില്ലേജുകളിലായി കണ്ടെത്തിയ അഞ്ചര ഏക്കര്‍ സ്ഥലമാണ് കോളേജിന് വേണ്ടി കണ്ടെത്തിയിട്ടുള്ളത്. മറ്റു നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് മന്ത്രി കര്‍ശന നിര്‍ദ്ദേശം കളക്ടര്‍ക്ക് നല്‍കിയത്. യോഗത്തില്‍ കിഫ്ബി സിഇഒ കെ.എം.എബ്രാഹമും പങ്കെടുത്തു. നടത്തറ പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശ്രീധരി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ജൂലായ് 30 നകം മണ്ണിട്ട് പാലം സഞ്ചാര യോഗ്യമാക്കുവാനും യോഗം തീരുമാനിച്ചു. നെടുപുഴ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം സെപ്തംബര്‍ മാസത്തില്‍ ടെന്റര്‍ നടപടികളിലേക്ക് കടക്കണമെന്നും, കണ്ണാറയിലെ ബനാന ഹണി പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി വൈദ്യൂതീകരണ പ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും പാര്‍ക്കിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ചുറ്റുമതിലടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും അധിക തുക അനുവദിക്കാനും തീരുമാനിച്ചു. പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി കിഫ്ബി സിഇഒ, കൃഷി വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റി ജൂലായ് 31 നകം പൂര്‍ണ്ണമായും പൊതുമരാമത്ത് വകുപ്പിന് റോഡ് നിര്‍മ്മാണത്തിനായി കൈമാറണമെന്നും തീരുമാനിച്ചു. ഇതോടൊപ്പം ടോപ്പോഗ്രാഫിക്കല്‍ സര്‍വ്വെ പൂര്‍ത്തിയാക്കി ആഗസ്റ്റ് 20 നുള്ളില്‍ റോഡിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കാനും സെപ്തംബറില്‍ ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. യോഗത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ. എ കൗശിഗന്‍, ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, കിഫ്ബിയുടേയും വിവിധ വകുപ്പുകളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.