താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവെച്ച് എയിംസ്

താനൂർ കസ്റ്റഡി കൊലപാതകത്തിൽ താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവെച്ച് എയിംസ്. സിബിഐ സംഘമാണ് ഡൽഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോർട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറന്‍സിക് സർജന്റെ കുറിപ്പുകളും ഡിജിറ്റൽ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ ഫോറൻസിക് സർജന്റെ കണ്ടത്തലുകൾ ശരിവെച്ചിരിക്കുകയാണ് എയിംസ് വിദഗ്ദ്ധ സംഘം. കൊല്ലപ്പെട്ട താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും മർദനം മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലുകളാണ് എയിംസ് വിദഗ്ധ സംഘവും ശരിവെച്ചിരിക്കുന്നത്. നേരത്തെ താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മർദനത്തിലാണ് താമിർ ജിഫ്രി കൊല്ലപ്പെട്ടതെന്ന് സിബിഐ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. മയക്കുമരുന്ന് കഴിച്ചിരുന്നെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. പൊലീസ് ഉന്നതരുടെ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിച്ചാവും സിബിഐ അന്വേഷണം. മറ്റൊരു സബ് ഡിവിഷണൽ പരിധിയിൽ നിന്നാണ് ഡാൻസാഫ് സംഘം താമിർ ജഫ്രിയെ പിടികൂടിയത്. ഇത് എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നിയുടെ എന്നിവരുടെ അനുമതി ഇല്ലാതെ കഴിയില്ല എന്നാണ് സിബിഐയുടെ നിഗമനം. 2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published.