മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട്
‘‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന ‘മാധ്യമ’ത്തിന് പറയാനുള്ളത്’’ എന്ന തലക്കെട്ടിൽ ‘മാധ്യമം മാനേജിങ് കമ്മിറ്റി’ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിനോടുള്ള മാധ്യമത്തിലെ ഇരു യൂനിയനുകളുടെയും പ്രതികരണമാണിത്.
പ്രസ്തത ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളോട് ഞങ്ങൾക്കും പൂർണ യോജിപ്പാണ്. മനുഷ്യർക്കൊപ്പം അവരുടെ നോവുകളുടെ നാവായി മാധ്യമം മാറിയപ്പോൾ അതിനൊപ്പം സഞ്ചരിച്ചവരാണ് സ്ഥാപനത്തിലെ ജീവനക്കാർ. 1987 ജൂൺ ഒന്ന് മുതൽ ഇന്നോളം മാധ്യമം നടത്തിയ ഇടപെടലുകളിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. കാരണം, ആ ഇടപെടലുകളുടെ ഭാഗമായി ഞങ്ങളും നിലയുറപ്പിച്ചിരുന്നുവല്ലൊ. മറ്റൊരർഥത്തിൽ, ‘ഞങ്ങളും നിങ്ങളും ചേർന്ന് നമ്മളായി മാറിയപ്പോൾ’ സംഭവിച്ച അത്ഭുതമാണ് മാധ്യമമെന്നും പറയാം. പ്രതിസന്ധികൾ എല്ലാ കാലത്തും നമുക്കുണ്ടായിരുന്നു. അന്നെല്ലാം, ‘നമ്മളായി’ നിലയുറപ്പിച്ചാണ് അവയെല്ലാം തരണം ചെയ്തത്. ഇക്കഴിഞ്ഞ കോവിഡ് കാലം പോലും അതിന് സാക്ഷിയാണ്.
എന്നാൽ, ഇപ്പോഴത്തെ കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. യൂണിയൻ പ്രവർത്തനത്തിന് ജീവനക്കാരെ വിളിച്ച് മുൻകൈയെടുത്ത മാനേജ്മെന്റായിരുന്നു മാധ്യമത്തിന്റേതെന്ന് ആ വിശദീകരണക്കുറിപ്പിൽ വായിച്ചു. ‘ ഈ തുറന്ന ജനാധിപത്യം പക്ഷേ, തലമുറ മാറ്റത്തിൽ ഒരു ജെന്റിൽമാൻ എഗ്രിമെന്റിൽ നിന്ന് നിഷേധാത്മക പ്രവണതകളിലേക്ക് വളർന്നുവെവെന്നും’ ലേഖനം ദുഃഖത്തോടെ പറയുന്നു. മാനേജ്മെന്റിനെക്കുറിച്ച് സമാനമായ വിമർശനം ഞങ്ങൾക്കുമുണ്ട്. തലമുറ മാറ്റത്തിൽ അവിടെയും ചില മാറ്റങ്ങൾ ഞങ്ങൾക്ക് അനുഭവേദ്യമായതിന്റെകൂടി ഫലമാണ് ഇപ്പോഴത്തെ ഈ ബഹളങ്ങളെന്ന് ഞങ്ങൾക്കും തോന്നിയിട്ടുണ്ട്.
തീർത്തും അമേച്വർ സ്വഭാവത്തിൽ പതിയെ തുടങ്ങിയ മാധ്യമത്തെ കുറഞ്ഞകാലം കൊണ്ട് കേരളത്തിലെ മുൻനിര പത്രമാക്കിയതിൽ ജീവനക്കാർക്ക് ,പ്രത്യേകിച്ച് മികച്ച ജേണലിസ്റ്റുകളുടെ നിര വഹിച്ച പങ്ക് ആർക്ക് നിഷേധിക്കാനാകും. ഒ. അബ്ദുറഹിമാൻ സാഹിബ് എന്ന എഡിറ്ററുടെ ശക്തമായ നേതൃത്വവും മാർഗനിർദേശങ്ങളും അതിന് കരുത്തും ഊർജവും പകർന്നു. പത്രത്തിന് പുതിയ പുതിയ എഡിഷനുകൾ തുടങ്ങി ഗൾഫിൽ വരെ എത്തിച്ചു മറ്റൊരു ജീവാത്മാവായിരുന്ന വി.കെ.ഹംസ അബ്ബാസ് സാഹിബ്. മാനേജ്മെന്റും ജീവനക്കാരും ഒരുമിച്ച് തേരുവലിച്ചതിെൻറ ഫലം. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ ഇരുകൂട്ടരും നന്നായി നിർവഹിച്ചതോടെ മാധ്യമം എന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ ലക്ഷ്യമിട്ട ചരിത്രദൗത്യം മുന്നോട്ടുപോയി. പിന്നെ എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന്, അച്ചടി മാധ്യമങ്ങളുടെ കാലം കഴിഞ്ഞെന്നും വായന മരിച്ചെന്നുമുള്ള മറുപടി അപര്യാപ്തമാകും.
പത്രത്തിന്റെ ഗുണപരമായ ഏതുമാറ്റത്തിനും പരിഷ്കരണത്തിനും എല്ലാകാലത്തും ജീവനക്കാർ മാനേജ്മെന്റിന് ഒപ്പം നിന്ന ചരിത്രമേയുള്ളൂ. പത്രവും ഇതര പ്രസിദ്ധീകരണങ്ങളും പ്രഫഷണലൈസ് ചെയ്യുന്നതിനും നവീകരിക്കുന്നതിനും വേണ്ട നിർദേശങ്ങളും അഭിപ്രായങ്ങളും പലപ്പോഴും ആദ്യം മുന്നോട്ടുവെക്കുന്നത് ജീവനക്കാരുടെ ഭാഗത്തുനിന്നാണെന്നത് നിഷേധിക്കാവാത്ത സത്യമാണ്. എന്നാലിപ്പോൾ ശമ്പളം ചോദിച്ചതിന് അവരെല്ലാം അധികപറ്റും ചാരന്മാരും സ്ഥാപനത്തോട് കൂറില്ലാത്തവരുമായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ എത്രമാത്രം ദു:ഖകരമാണ്.
മാനേജ്മെന്റിന്റെ വിശദീകരണത്തിൽ യൂനിയനുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ വ്യക്തത വരുത്തുക എന്നതാണ് ഈ പ്രതികരണത്തിന്റെ ഉദ്ദേശ്യം. ആ കുറിപ്പിൽ മറുപടി പറയേണ്ടതായ ഒട്ടനവധി കാര്യങ്ങളുണ്ടെങ്കിലും തൽക്കാലം അവ മാറ്റിവെക്കുന്നു.
എന്താണിപ്പോൾ മാധ്യമത്തിലെ പ്രശ്നം?
മൂന്ന് മാസത്തിലധികമായി ‘മാധ്യമ’ത്തിലെ ജീവനക്കാർ പ്രതിഷേധ സമരത്തിലാണ്. എന്തുകൊണ്ട് ഈ സമരം എന്ന് വിശദീകരിച്ച് ‘ഞങ്ങൾക്കും ജീവിക്കണം’ എന്ന തലക്കെട്ടിൽ യൂനിയനുകൾ ഒരു ലഘുലേഖ ഇക്കഴിഞ്ഞ ജനുവരി രണ്ടാംവാരം ഇറക്കിയിരുന്നു. അതിന്റെ ആമുഖത്തിൽ സമരത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്: ‘‘എന്തിനുവേണ്ടിയാണ് ഈ സമരം എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്: കൃത്യമായ ഇടവേളകളിൽ മാസാന്ത ശമ്പളം ലഭ്യമാക്കുന്നതിനും നാല് മാസത്തെ ശമ്പളക്കുടിശ്ശിക തീർപ്പാക്കുന്നതിനും വേണ്ടിയാണ് ഈ സമരം. അഥവാ, ജോലി ചെയ്ത കൂലിക്കുവേണ്ടിയുള്ള അവകാശ-അതിജീവന സമരമാണിത്. ഇത്തരത്തിൽ പ്രത്യക്ഷമായൊരു സമരം പെട്ടെന്നൊരുനാൾ സംഭവിച്ചതുമല്ല; പലകുറി മാനേജ്മെന്റുമായി ചർച്ച നടത്തിയിട്ടും ഫലമില്ലാതെ വരികയും സ്ഥിതിഗതികൾ കുടുതൽ സങ്കീർണമാവുകയും ചെയ്തപ്പോൾ പ്രത്യക്ഷ സമര പരിപാടികൾക്ക് ജീവനക്കാർ നിർബന്ധിതരാവുകയായിരുന്നു’’. ഇപ്പോൾ കുടിശ്ശിക അഞ്ച് മാസം പിന്നിട്ടിരിക്കുന്നു. ഇതിനർഥം, തുടർച്ചയായി അഞ്ച് മാസം ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല എന്നല്ല. അങ്ങനെ യൂനിയനുകൾ ആരോപിക്കുന്നുവെന്നത് സാമൂഹിക മാധ്യമങ്ങളിലെ കള്ള പ്രചരണമാണ്. മുകളിലെ ലഘുലേഖയിലെ വാചകം തന്നെ അതിന് സാക്ഷ്യം. അതേസമയം, 60 ദിവസങ്ങളിലേറെ തുടർച്ചയായി ശമ്പളം കിട്ടാത്ത അവസ്ഥയുണ്ട്. ഇതെഴുതുമ്പോൾ (ഫെബ്രുവരി 25) സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടാത്തവരുണ്ട്. അവർക്ക് അവസാനം ശമ്പളത്തിന്റെ അവസാന ഗഡു കിട്ടിയത് ഡിസംബർ 23നാണ്.
ഈ പ്രവണത കോവിഡ് കാലത്ത് തുടങ്ങിയതാണ്. കോവിഡ് കഴിയുകയും മറ്റു സ്ഥാപനങ്ങളിൽ കാര്യങ്ങൾ പഴയ രീതിയിലേക്ക് മാറുകയും ചെയ്തിട്ടും മാധ്യമത്തിൽ സ്ഥിതി പഴയതിലും വഷളാവുകയാണ് ചെയ്തത്.
സമരത്തിന്റെ പശ്ചാത്തലമെന്തായിരുന്നുവെന്നും ആ ലഘുലേഖയിൽ വിശദീകരിക്കുന്നുണ്ട്. അത് ചുരുക്കിപ്പറയാം. 2025 ഡിസംബർ രണ്ടിനാണ് ജീവനക്കാർ സ്ഥാപനത്തിന് പുറത്ത് സമരം ചെയ്തത്. അന്ന് നാല് മാസമായിരുന്നു കുടിശ്ശിക. പ്രശ്നം പരിഹരിക്കാൻ പലവിധത്തിലുള്ള ചർച്ചകൾക്കും ഞങ്ങൾ മാനേജ്മെന്റിനെ സമീപിച്ചിരുന്നു. കുടിശ്ശിക കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഒരു മാസത്തെ ശമ്പളമെങ്കിലും കൃത്യമായി വിതരണം ചെയ്യാനും രണ്ട് മാസത്തെ കുടിശ്ശിക കമ്പനി ഹോൾഡ് ചെയ്ത് പിന്നീട് സാവധാനം തന്നുതീർക്കാനുള്ള വഴിയുണ്ടാക്കാനുമാണ് യൂനിയനുകൾ അഭ്യർത്ഥിച്ചത്. ഒരു തൊഴിലാളി യൂനിയന് മുന്നോട്ടുവെക്കാവുന്ന മിനിമം ആവശ്യവുമാണത്.
കാരണം വൈകി വരുന്ന ശമ്പളം ലഭിച്ചാലുടൻ കടം വീട്ടാനും ബാധ്യതകൾ തീർക്കാനും മാത്രമേ ഉപകരിക്കൂ എന്ന് ആർക്കാണ് അറിയാത്തത്. പിന്നെ അടുത്ത ശമ്പളത്തിനായി വീണ്ടും വേഴാമ്പലുകളെപോലെ അനന്തമായ കാത്തിരിപ്പാണ്. ഇതിനൊരു അറുതിവരുത്തി ശമ്പളം ക്രമപ്പെടുത്തണമെന്നും കുടിശ്ശികയുടെ പകുതി പിന്നീട് തരുന്ന കാര്യം ഉറപ്പുപറഞ്ഞാൽ മതിയെന്നും എത്രയോ വട്ടം മാനേജ്മെന്റിനെ അറിയിച്ചതാണ്. ഇപ്പോഴും അതുതന്നെയാണ് പറയുന്നത്.
എന്നാൽ, അതിനോടുപോലും നിസ്സംഗ സമീപനമാണ് മാനേജ്മെന്റ് സ്വീകരിച്ചത്.
ഇതിനിടയിൽ ജമാഅത്തെ ഇസ്ലാമി കേരള അമീറുമായും യൂനിയൻ നേതാക്കൾ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. പരിഹാരമായില്ലെങ്കിൽ, സമരത്തിലേക്ക് കടക്കാൻ തങ്ങൾ നിർബന്ധിതമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതാണ്. അതുകഴിഞ്ഞ് മൂന്ന് മാസത്തിനുശേഷവും വിഷയത്തിൽ പരിഹാരമില്ലാതായതോടെയാണ് ആദ്യഘട്ട സമരം ആരംഭിച്ചത്.
ഔദ്യോഗിക യോഗങ്ങൾ ബഹിഷ്കരിച്ചുള്ള പ്രതീകാത്മക സമരമായിരുന്നു അത്. സമരം രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഓപറേഷൻ സിന്ദൂർ നടന്നത്. ആ ഘട്ടത്തിൽ എഡിറ്റോറിയൽ യോഗങ്ങൾ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് സമരം തൽക്കാലത്തേക്ക് പിൻവലിച്ചു. ഇതിനിടയിൽ, ശമ്പളകുടിശ്ശിക രണ്ട് മാസമായി താഴ്ന്നിരുന്നു. ഏതാനും മാസം ഈ നിലയിൽ മുന്നോട്ടുപോയി. തുടർന്ന് കാര്യങ്ങൾ പഴയതിനേക്കാൾ മോശമായി; കോവിഡ് കാലത്തേക്കാൾ മോശം. ഈ ഘട്ടത്തിൽ സമരം പുനരാരംഭിക്കുമെന്ന് കാണിച്ച് മാനേജ്മെന്റിന് യൂനിയൻ കത്ത് നൽകി. രണ്ട് തവണ ചർച്ചക്കുവിളിച്ചെങ്കിലും വിശേഷിച്ചൊരു പരിഹാര ഫോർമുല മുന്നോട്ടുവെക്കാൻ മാനേജ്മെന്റിനായില്ല. അപ്പോഴേക്കും ശമ്പളകുടിശ്ശിക നാലാം മാസത്തിലേക്ക് കടന്നിരുന്നു. എന്നല്ല, ജീവനക്കാർക്ക് മാസങ്ങൾ ഒരു രൂപപോലും ശമ്പളം കിട്ടാത്ത അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് 2025 ഒക്ടാബേർ 27 മുതൽ ഔദ്യോഗിക യോഗ ബഹിഷ്കരണ സമരം പുനരാരംഭിച്ചത്.
ഈ സമരത്തെ പൂർണമായും അവഗണിച്ച് മാനേജ്മെന്റ് ജീവനക്കാരെ വെല്ലുവിളിച്ചപ്പോഴാണ് അര മണിക്കൂർ ജോലിയിൽനിന്ന് വിട്ടുനിന്നുള്ള സമരപരിപാടിയിലേക്ക് യൂനിയൻ പ്രവേശിച്ചത്. അര മണിക്കൂർ അധികം ജോലി ചെയ്തായിരുന്നു ഈ ‘നിൽപ് സമര’മെന്നോർക്കണം. പ്രസ്തുത സമരത്തെയും മാനേജ്മെന്റ് സമ്പൂർണമായി അവഗണിച്ചു. ഈ ഘട്ടത്തിൽ കുടിശ്ശികയുടെ കാര്യത്തിൽ യൂനിയൻ ഇളവ് നൽകാമെന്ന് അറിയിച്ചിട്ടും മാനേജ്മെന്റ് വഴങ്ങിയില്ല. ഇത്തരത്തിൽ, ജീവനക്കാരെ അവഹേളിക്കുംവിധം അവരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിന്ന സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിന് നിർബന്ധിതരായത്. അഥവാ, ഏതാണ്ട് ഒരു വർഷക്കാലത്തെ ചർച്ചകൾക്കും ആഭ്യന്തര പ്രതീകാത്മക സമരങ്ങൾക്കുമെല്ലാം ശേഷമായിരുന്നു ഇൗ പ്രത്യക്ഷ സമരം. അതാകട്ടെ, ഏതെങ്കിലും അധിക ആനുകൂല്യങ്ങൾക്കായിരുന്നില്ല; അടിസ്ഥാന ശമ്പളത്തിനുവേണ്ടി മാത്രമായിരുന്നു. ജീവിതം ഗതമുട്ടിയപ്പോഴായിരുന്നു.
മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ, മാധ്യമം എംപ്ലോയീസ് യൂനിയൻ എന്നീ സംഘടനകളുടെ സംയുക്ത വേദിയായ മാധ്യമം എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം തുടങ്ങിയത്. നിലവിൽ, ഞങ്ങളുടെ സമരത്തിന് സമൂഹത്തിന്റെ നാനാ തുറകളിലുള്ള തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ട്. മാനേജ്മെന്റ് അവഗണനാനയം തുടർന്നപ്പോൾ ഞങ്ങൾ അവരുടെ സഹായം തേടാൻ നിർബന്ധിതരാവുകയായിരുന്നു. രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയായ ‘സംയുക്ത ട്രേഡ് യുനിയൻ സമിതി’ പിന്തുണയുമായി രംഗത്തുണ്ട്.
സംയുക്ത ട്രേഡ് യുനിയൻ സമിതിയുടെ പിന്തുണയെ സി.ഐ.ടി.യുവിലേക്ക് ചുരുക്കി ഇതൊരു സി.പി.എം സ്പോൺസേർഡ് സമരമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മാനേജ്മെന്റിന്റെ കുറിപ്പിലെ ‘ചെങ്കൊടി പ്രയോഗ’ത്തിന്റെ ഉദ്ദേശ്യവും മറ്റൊന്നാകാൻ വഴിയില്ല. ‘സംയുക്ത ട്രേഡ് യുനിയൻ സമിതി’യിൽ സി.ഐ.ടി.യു മാത്രമല്ല എന്നും അതിൽ ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു, എൻ.ടി.യു തുടങ്ങി 11 സംഘടനകൾ വേറെയും ഉണ്ടെന്ന് അറിയാത്തവരല്ല ഇവരൊന്നും. മാധ്യമത്തിലെ സമര സമിതി ചെയർമാൻ ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ. ആർ. ചന്ദ്രശേഖരൻ ആണ്. തൊഴിൽ വകുപ്പിൽ മധ്യസ്ഥ ചർച്ചക്ക് സി.ഐ.ടി.യു, എ.ഐ.ടി.യു.സി പ്രതിനിധികൾക്കൊപ്പം അദ്ദേഹവുമുണ്ടായിരുന്നുവെന്ന് ആ ചർച്ചയിൽ പങ്കെടുത്ത മാനേജ്മെന്റ്പ്രതിനിധികൾക്ക് അറിയാത്തതാണോ? ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡന്റ് ശ്രീ. സഞ്ജീവ റെഡ്ഡി ഈ വിഷയത്തിൽ ചീഫ് എഡിറ്റർക്ക് കത്ത് എഴുതി ഇടപെട്ടതും മറച്ചുവെക്കാനാകുമോ?
സംഭവം ലളിതമാണ്: സമരത്തിന് പിന്നിൽ സി.പി.എം എന്ന ആഖ്യാനം രുപപ്പെട്ടാൽ ഒരു വിധം ആരോപണങ്ങളെല്ലാം ആ വഴിയിൽ എഴുതിത്തളളാമെന്നതുതന്നെ. പക്ഷെ, വസ്തുതകൾ അപ്പോഴും നിലനിൽക്കുമെന്നു മാത്രം.
സാമ്പത്തിക പ്രതിസന്ധി, യൂനിയൻ, ഒത്തുതീർപ്പ് ഫോർമുല
മാനേജ്മെന്റ് കുറിപ്പിൽ ‘മാധ്യമത്തിലെ പ്രതിസന്ധി എന്താണ്’ എന്ന് ഉപശീർഷകമിട്ട ഭാഗം പ്രതിസന്ധിയുടെ കാരണം സമർത്ഥമായി അവഗണിക്കുകയാണ്. പ്രതിസന്ധിയുടെ കാരണങ്ങൾ മാനേജ്മെന്റിനു മുന്നിൽ യൂണിയൻ അക്കമിട്ടു നിരത്തിയതാണ് – ഒരു വ്യാഴവട്ടം മുമ്പ് തന്നെ. അതൊരു മുന്നറിയിപ്പ് കൂടിയായിരുന്നു. സ്ഥാപനം വളരുന്നതിന് അനുസരിച്ച് സ്വീകരിക്കേണ്ട പ്രൊഫഷനലിസം കൈവരിക്കാത്ത പ്രശ്നത്തിന് പുറമേ വലിയ രൂപത്തിലുള്ള ആസൂത്രണ പിഴവുകളും പാളിച്ചകളും ഉണ്ടായി. 2017ൽ പത്രം നടത്തിയ ഇൻറേണൽ ഓഡിറ്റിങിനെക്കുറിച്ച് മാനേജ്മെന്റ് കുറിപ്പിൽ പറയുന്നുണ്ട്. അതിലെ കണ്ടെത്തലുകൾ മാനേജ്മെന്റിന്റെ കണ്ണുതുറപ്പിക്കേണ്ടതായിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ജീവനക്കാർ ചെയ്തത്. അതിൽ മറ്റു ഇടപെടലുകൾക്കോ നടപടി ആവശ്യപ്പെടാനോ യൂണിയനുകൾ പോയിട്ടില്ല. ജീവനക്കാരുടെ എണ്ണക്കൂടുതലാണ് ഓഡിറ്റിങിൽ പ്രധാനമായും കണ്ടെത്തിയ കാര്യം. അതിന് തൊഴിലാളികൾ എന്തു പിഴച്ചു? മാധ്യമം നൽകിയ തൊഴിൽ പരസ്യങ്ങൾ പ്രകാരം അപേക്ഷിച്ച് പരീക്ഷയും ഇൻറർവ്യൂവും പാസായി മുന്നിലെത്തി പരിശീലനവും കഴിഞ്ഞ് നിയമിക്കപ്പെട്ടവരാണ് ഭൂരിപക്ഷം ജീവനക്കാരും. അവരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ സാധ്യതകളും മാധ്യമം നടത്തിപ്പുകാരുടെ വാക്കിൽ വിശ്വസിച്ച് ഇവിടെ സമർപ്പിച്ച വരാണ്. അവരോടാണ് ഒരു നിശ്ചിതകാലം കഴിഞ്ഞ് കുടിശിക ശമ്പളം വാങ്ങി പിരിഞ്ഞു പോയിക്കൊള്ളൂ എന്ന് പറയുന്നത്.
ഇപ്പോൾ ജീവനക്കാരുടെ എണ്ണം, സ്ഥാപനത്തിലെ പ്രതിസന്ധി മാറ്റാൻ ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി നിർദേശിച്ചതിലും താഴെയായി. 2019ൽ 850 ജീവനക്കാർ ഉണ്ടായിരുന്നത് 2022ൽ 600 താഴെയായി. കഴിഞ്ഞ ഡിസംബറിൽ അത് 384 ആയി. വിരമിക്കലും പിരിഞ്ഞുപോകലും പുതിയ സ്ഥിര നിയമനങ്ങൾ ഇല്ലാത്തതുമെല്ലാമായിരുന്നു കാരണം. അവശേഷിക്കുന്നവരിൽ ഒരു ജീവനക്കാരനും ആളില്ലാത്തതിെനക്കുറിച്ചോ ജോലിഭാരത്തെക്കുറിച്ചോ പരാതിെപ്പട്ടിട്ടില്ല. ഏറ്റവുമൊടുവിൽ ജനുവരി 31ന് 130 ലേറെ പേർ രാജിവെച്ചുപോയതോടെ നിലവിൽ ജീവനക്കാരുടെ എണ്ണം 252 ആയി കുത്തനെ കുറഞ്ഞു. എന്നിട്ടും സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീർന്നില്ലെന്ന് പറയുന്നതിലെ യുക്തി എന്താണ്.? ഇനിയും ജീവനക്കാർ കുറയണം പോൽ. മറുഭാഗത്ത് കരാർ നിയമനം നിർബാധം തുടരുകയും ചെയ്യുന്നു.
ശമ്പളം ഇത്രയും കുടിശ്ശിക ആയതിനുകാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന മാനേജ്മെന്റ് ന്യായം വലിയ അളവിൽ ശരിയാണ്. പല കാരണങ്ങളാൽ മാധ്യമത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. മാനേജ്മെന്റ് കുറിപ്പിൽ വ്യക്തമാക്കിയതുപോലെ 2017-18 കാലം മുതലേ അതുണ്ട്. സമാന്തരമായി, ഗൾഫ് വരുമാനത്തിലടക്കം കുറവ് വരികയും ചെയ്തു. വരവും ചെലവും തമ്മിലെ അന്തരം വർധിച്ചു. കോവിഡ് കാലത്തോടെ അത് രൂക്ഷമാവുകയുംചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ യൂനിയന്റെ നിലപാട് എന്തായിരുന്നു? ‘സ്ഥാപനം പൂട്ടിക്കാൻ ഇറങ്ങിയ യൂനിയനാ’ണെങ്കിൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന നയത്തിൽ ശമ്പളത്തിൽ കേന്ദ്രീകരിച്ച് അന്നേ സമരത്തിന് ഇറങ്ങാമായിരുന്നില്ലെ. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിലും സ്ഥാപനത്തിന് മുന്നോട്ടുപോകാൻ കഴിയുംവിധം തങ്ങൾക്കാവുന്ന തരത്തിൽ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു ഇരു യൂനിയനുകളും. ലഭ്യമായ വേതനത്തിൽനിന്ന് സാധ്യമായത് വിട്ടുനൽകാനാണ് ജീവനക്കാരും യൂനിയനും തയാറായത്.
2019ൽ, സി.ഇ.ഒ ചുമതലയേറ്റ സമയത്തുതന്നെ അഭ്യൂദയകാംക്ഷികളിൽനിന്ന് സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി മാനേജ്മെന്റ് സംഭാവന തേടിയിരുന്നു. ഈയവസരത്തിൽ, ജീവനക്കാരുടെ വിഹിതമായി ഒന്നര വർഷത്തെ ഡി.എ (മൂന്ന് ഗഡു)ശമ്പളത്തിൽനിന്ന് വിട്ടുനൽകാനാണ് യൂനിയൻ തീരുമാനിച്ചത്. അഥവാ, അഭ്യൂദയകാംക്ഷികളും പ്രസ്ഥാന പ്രവർത്തകരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം സ്ഥാപനത്തിന് നൽകാൻ തയാറായപ്പോൾ ജീവനക്കാർ ശമ്പളത്തിൽനിന്ന് ഒരു വിഹിതം കമ്പനിക്ക് വിട്ടുനൽകി. തൊട്ടടുത്ത മാസങ്ങളിൽ കോവിഡ് പ്രതിസന്ധി രൂപപ്പെട്ടപ്പോൾ ഓരോ ജീവനക്കാരനും ശമ്പളത്തിന്റെ 15 ശതമാനം വരെ സ്ഥാപനത്തിന് തിരിച്ചുനൽകി (ഡഫർമെന്റ്) മാനേജ്മെന്റിനൊപ്പം നിന്നു. ഏതാണ്ട് രണ്ട് വർഷം ഇത് തുടരുകയും ചെയ്തു. ഇതിനിടയിൽ ഡി.എ പുനഃസ്ഥാപിച്ചപ്പോൾ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതുമൂലം അതിന്റെ നഷ്ടം ഇപ്പോഴും ജീവനക്കാർ സഹിക്കുന്നു.
ഇതിനുപുറമെ, ഏകപക്ഷീയമായി വേജ് ബോർഡ് ക്ലാസ് താഴ്ത്തുകയും ചെയ്തു. 2023 ഏപ്രിൽ മുതൽ ഡഫർമെന്റ് തുക തിരിച്ചുതരണമെന്നാണ് ഇതുസംബന്ധിച്ച കരാർ. അത് പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ, അതിനുവേണ്ടി ഒരു സമരത്തിനും യൂനിയൻ ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒമ്പത് വർഷമായി ബോണസ്, ഫെസ്റ്റിവെൽ അലവൻസ് എന്നിവയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ആറ് വർഷമായി അങ്ങനെയൊരു ആവശ്യം യൂനിയൻ ഉന്നയിച്ചിട്ടില്ല. സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് യൂനിയൻ ഇത്തരം വിട്ടുവീഴ്ചാ നിലപാടെടുത്തത്. ഇതെല്ലാംകഴിഞ്ഞ് മിച്ചം വരുന്ന ശമ്പളം കുടിശ്ശിക കയറി നിൽക്കക്കള്ളി ഇല്ലാതായപ്പോൾ മാത്രമാണ് ഞങ്ങൾ സമരത്തിന് ഇറങ്ങിയതെന്നോർക്കണം.
കേരളത്തിലെ അസംഖ്യം ജനകീയ പോരാട്ടങ്ങൾ നേതൃത്വം നൽകിയ ജമാഅത്ത് പോഷകസംഘടനകളുടെ തലപ്പത്തിരുന്നവരാണ് ഇപ്പോൾ ജീവനക്കാരുടെ അടിസ്ഥാന ആവശ്യത്തിനുവേണ്ടിയുള്ള സമരത്തോട് അസഹിഷ്ണുത നിലപാട് എടുക്കുന്നതെന്ന് ഞങ്ങളെ വേദനിപ്പിക്കുന്ന കാര്യമാണ്.
സാമ്പത്തിക പ്രതിസന്ധി എന്ന യാഥാർഥ്യത്തെ പരിഗണിച്ചു തന്നെയാണ് യൂനിയൻ ജീവനക്കാരുടെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഓരോ മാസവും നിശ്ചിത തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്യുക, കുടിശ്ശിക തീർക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. അഞ്ച് മാസത്തെ കുടിശ്ശിക തീർക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ സാധ്യമാകില്ലെന്നറിയാവുന്നതിനാലാണ് ഞങ്ങൾ അഞ്ചിൽ മൂന്ന് മാസത്തെ കുടിശ്ശിക കമ്പനിക്ക് തൽക്കാലത്തേക്ക് ഹോൾഡ് ചെയ്യാവുന്ന ഫോർമുല തൊഴിൽ വകുപ്പ് ചർച്ചയിലടക്കം മുന്നോട്ടുവെച്ചത്. അക്കൂട്ടത്തിലെ അവസാന സംഭവം ഫെബ്രുവരി 11ന് അഡീഷണൽ ലേബർ ഓഫിസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഞങ്ങൾ മുന്നോട്ടുവെച്ച ഫോർമുലയായിരുന്നു. 2026 ഏപ്രിൽ അവസാനത്തോടെ ജനുവരി വരെയുള്ള ശമ്പളം വിതരണം ചെയ്യുന്ന ഒന്നായിരുന്നു അത്. ഇത് അംഗീകരിക്കപ്പെട്ടാൽ പോലും കുടിശ്ശിക പിന്നെയും മൂന്ന് മാസമാകും. അതിന് സമയക്രമം നിശ്ചയിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് യൂനിയൻ ആവശ്യപ്പെട്ടത്. എന്നാൽ, മാനേജ്മെന്റ് ഈ ഫോർമുല അംഗീകരിച്ചില്ല.
ഫെബ്രുവരി 11ലെ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ചില മധ്യസ്ഥർ ഇടപെട്ട് മറ്റൊരു പരിഹാര നിർദേശം മുന്നോട്ടുവെച്ചിരുന്നു. റണ്ണിങ് സാലറിയിലേക്ക് മാറ്റിയുള്ള ഒരു പരിഹാരമായിരുന്നു അത്. അതായത്, കുടിശ്ശികയെല്ലാം മാറ്റിവെച്ച് 2026 ജനുവരി മുതലുള്ള ശമ്പളം കൊടുത്തു തുടങ്ങുക. ഇതിനിടയിൽ കുടിശ്ശിക തീർക്കാൻ സമയം നിശ്ചയിക്കുക. ഇത് പ്രയോഗവത്കരിച്ചാൽ ഏപ്രിൽ 20 ഓടെ ശമ്പള കുടിശ്ശിക മൂന്ന് മാസത്തിലേക്ക് ചുരുങ്ങുകയും ശമ്പള വിതരണം ഏറെക്കുറെ ക്രമപ്പെടുകയും ചെയ്യും എന്നതാണ്. വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ. റസാഖ് പാലേരിയും വിഷയത്തിൽ പരിഹാരത്തിനായി ശ്രമിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെ വിശദീകരണത്തിൽ ‘യൂനിയന്റെ കൂടി അംഗീകാരത്തോടെ മധ്യസ്ഥർ’ കൊണ്ടുവന്നു എന്ന് പറയുന്ന ഫോർമുല അദ്ദേഹം അവതരിപ്പിച്ചതാണ്. മേൽസൂചിപ്പിച്ച നിർദേശങ്ങൾ മാനേജ്മെന്റ് തള്ളിയ സാഹചര്യത്തിൽ അവസാന ഘട്ട ശ്രമം എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ശ്രീ. റസാഖ് പാലേരി അദ്ദേഹത്തിന്റെ നിർദേശം വെച്ചപ്പോൾ തന്നെ സ്വീകാര്യമാകില്ലെന്ന് ഇരു യൂണിയനുകളും വ്യക്തമാക്കിയതാണ്. കാരണം ഈ ഫോർമുലയിൽ കുടിശ്ശിക തന്നുതീർക്കുന്നതിനുള്ള വഴിയില്ല എന്നതായിരുന്നു പോരായ്മ. എപ്രിൽ അവസാനത്തോടെ നവംബറിലെ ശമ്പളമായിരിക്കും ലഭിക്കുക. അതായത്, ഒരു വാദത്തിനുവേണ്ടി ഇത് അംഗീകരിച്ചാൽ ശമ്പള കുടിശ്ശിക അഞ്ച് ആകും! അഥവാ, നാല് മാസത്തെ കുടിശ്ശികക്കുവേണ്ടി തുടങ്ങിയ സമരം അഞ്ച് മാസത്തെ കുടിശ്ശികയിൽ അവസാനിപ്പിക്കേണ്ടിവരും. ഇത് എങ്ങനെ ഒരു യൂണിയന് അംഗീകരിക്കാനാകും. പക്ഷെ, മാനേജ്മെന്റ് ഈ കാര്യം അവതരിപ്പിച്ച രീതി വിചിത്രമാണ്. യൂനിയൻ ഭാരവാഹികൾ മധ്യസ്ഥർ മുഖേന നിർദേശം വെച്ചുവെന്നും മാനേജ്മെന്റ് പ്രത്യേക യോഗം ചേർന്ന് അത് ചർച്ച ചെയ്ത് അംഗീകരിച്ചപ്പോഴേക്കും യൂനിയൻ അതിൽനിന്ന് പിന്മാറിയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്.
മാനേജ്മെന്റിന്റെ ‘അതിജീവന’ വഴിയും ജീവനക്കാരുടെ ഭാവിയും
മാനേജ്മെന്റിന്റെ കുറിപ്പിലെ അവസാന ഭാഗത്ത് ഇങ്ങനെ വായിക്കാം: ‘‘അധികഭാരം ഇല്ലാതാക്കി, പത്രം വരുമാനവും ചെലവും സന്തുലിതമാക്കാനുതകുന്ന റീ സ്ട്രക്ചറിങ്ങിന് വിധേയമാക്കുക മാത്രമാണ് ‘മാധ്യമത്തിന്റെ മുന്നിലെ അതിജീവന വഴി. ആ വഴിയെ നീങ്ങുകയാണ് മാധ്യമം. എന്നാൽ ഒരാളെയും ഒഴിവാക്കാതെയും ആരുടെ വേതനത്തിൽ തൊടാതെയും പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന യൂണിയൻ ആവശ്യം സ്ഥാപനത്തെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നയിക്കുക. സങ്കീർണമായ ഈ വർത്തമാന സാഹചര്യത്തിലും പുതിയ സാങ്കേതികവിദ്യകൾകൊണ്ട് നൂതനമായ പരിവർത്തനങ്ങൾ സൃഷ്ടിച്ച്, പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തി, പരമാവധി ചെലവുകൾ ചുരുക്കി, പുതിയ കുതിപ്പുകൾക്ക് തയ്യാറാകുകയാണ് മാധ്യമം. പത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്ന വിധത്തിലുള്ള ഏതു ചർച്ചക്കും മാനേജ്മെന്റ് ഒരുക്കമാണ്. അതിനു ‘മാധ്യമ’ത്തിനും ജീവനക്കാർക്കും കഴിയും എന്നു തന്നെയാണ് വിശ്വാസം.’’
വിഷയത്തിൽ ഏത് ചർച്ചക്കും തയാറാണെന്ന പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ചില ആശങ്കകൾ ഞങ്ങൾക്കുണ്ട്. മനേജ്മെന്റ് മുന്നോട്ടുവെക്കുന്ന ‘റീ സ്ട്രക്ചറിങ്’ സ്ട്രാറ്റർജി എന്താണെന്ന് വ്യക്തം. അതിൽ ഏറ്റവും പ്രധാനം ആളുകളെ തുടർന്നും പിരിച്ചുവിടേണ്ടിവരുമെന്നും ശമ്പളം ഇനിയും വെട്ടിക്കുറക്കേണ്ടിവരുമെന്നുമുള്ള സൂചന തന്നെയാണ്. ഒരു സ്ഥാപനം ‘റീ സ്ട്രക്ചറിങ്’ നടത്തുമ്പോൾ അതിന് എതിരു നിൽക്കേണ്ട കാര്യമില്ല. എന്നാൽ,അതത്രയും നിയമപരമായിരിക്കണമെന്നുമാത്രം.
ഇപ്പോൾതന്നെ, സ്ഥാപനത്തിൽനിന്ന് 130ലധികം പേർ രാജിവെച്ചുപോയത് എന്തെങ്കിലും നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ വാങ്ങിയല്ല. അവർക്ക് ലഭിക്കാനുള്ള കുടിശ്ശികയും ഡെഫർമെന്റിന്റെ പകുതിയും (കരാർ പ്രകാരമുളള ബാക്കി പകുതി ഇല്ല) അടക്കം ശമ്പള വിഹിതത്തിലെ പല വകുപ്പുകളിലായി സ്ഥാപനം പിടിച്ചുവെച്ച തുക വിട്ടുനൽകാം എന്ന വാക്കാലുള്ള കരാറിലാണ് അവരുടെ മടക്കം. സേവന കാലത്തിന് ആനുപാതികമായ ഗ്രാറ്റിവിറ്റിയും നൽകും. അത് നിയമപരമായി നിർബന്ധമാണ്. ഈ ‘ആനുകൂല്യം’ പ്രഖ്യാപിച്ചത് ഡിസംബർ 23ന് ബഹു. ചെയർമാൻ വിളിച്ചുചേർത്ത സ്റ്റാഫ് മീറ്റിങ്ങിലായിരുന്നു. ‘പോകേണ്ടവർക്ക് പോകാം, ഇപ്പോൾ പോകുന്നവർക്ക് ഇതെങ്കിലും കിട്ടും’ എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്ഥാപനത്തിൽ ജോലിയിൽ തുടർന്നാൽ സമ്പാദ്യം മുഴുവൻ നഷ്ടമാകുമെന്ന ഭീതിയിലാണ് പലരും രാജിവെച്ചതെന്നതാണ് യാഥാർഥ്യം. ഇതിനെയാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ ചിലർ ആനുകുല്യങ്ങൾ പറ്റി സ്ഥാപനം വിട്ടുവെന്നും അവശേഷിക്കുന്നവർ സമരം ചെയ്ത് സ്ഥാപനം പൂട്ടിക്കാൻ നടക്കുന്നുവെന്നും ആക്ഷേപിക്കുന്നത്. എന്നിട്ടും പോകാൻ തീരുമാനിച്ചവരെ തടയേണ്ടെന്നായിരുന്നു യൂണിയന്റെ നിലപാട്. തീരുമാനം അവരവർക്ക് വിട്ടുകൊടുത്തു. യൂണിയൻ വിലക്കിയിരുന്നെങ്കിൽ പോയവരുടെ പട്ടികയിൽ ഇപ്പോഴുള്ളതിന്റെ 10 ശതമാനം പോലും ഉണ്ടാകുമായിരുന്നില്ല. പ്രചാരണങ്ങളും യാഥാർഥ്യവും തമ്മിൽ വലിയ അകലമുണ്ടെന്ന് മനസിലാക്കുക.
മാധ്യമത്തെ സംബന്ധിച്ച് ‘നവീകരണം’ എന്നത് പുതിയ ആശയമല്ല. അത് അനുസ്യൂതം അതിന്റെ വളർച്ചയിൽ സംഭവിച്ചിട്ടുള്ളതാണ്. മാധ്യമം പത്രത്തിൽ ഉപയോഗിക്കുന്ന ഫോണ്ടുകൾ അവിടെയുള്ള ഒരു ജീവനക്കാരൻ തയാറാക്കിയതാണെന്ന് നിങ്ങളിൽ എത്രപേർക്കറിയാം. മാധ്യമത്തിൽ ഇപ്പോഴും ഡി.ടി.പി ഓപറേറ്റർമാരുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവർ അറിയണം, ഫോണ്ട് മാത്രമല്ല നിലവിലെ പത്രത്തിന്റെ അടിസ്ഥാന ഡിസൈനും ഇതേ ഡി.ടി.പിക്കാർ നിർമിച്ചതാണ്. അതുപോലെ, മറ്റൊന്നായിരുന്നു പ്രിന്റ്-ഡിജിറ്റൽ ഇന്റഗ്രഷൻ. ഡിജിറ്റൽ ഇന്റഗ്രേഷനിലൂടെയാണ് പൊതുവിൽ അച്ചടി മാധ്യമങ്ങൾ അതിജീവിക്കാൻ ശ്രമിക്കാറുള്ളത്. അത്തരം പരീക്ഷണങ്ങളും മാധ്യമത്തിൽ നടന്നുവരുന്നുണ്ട്. കോവിഡ് കാലത്തെ പുതിയ പരിഷ്കാരങ്ങളിൽ മാനേജ്മെന്റിന്റെ മുൻഗണന ഇത്തരം പരീക്ഷണങ്ങൾ കുടുതൽ സജീവമാക്കുക എന്നതായിരുന്നു. അത് അവർ പ്രഖ്യാപിക്കുകയും ചെയ്തതാണ്. സി.ഇ.ഒ അതിൽ പ്രത്യേക താൽപര്യമെടുത്തുവെന്നതും വിസ്മരിക്കുന്നില്ല. എന്നാൽ, അതിന്റെയൊക്കെ ഫലശ്രുതി എന്താണെന്ന് ആലോചിക്കുമ്പോൾ നിരാശയാണ്. കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ ‘മാധ്യമം ഇ ബുക്സ്’, ‘മാധ്യമം വീക്ലി വെബ്സീൻ’, ‘മി ഫ്രണ്ട് ആപ്പ്’ തുടങ്ങിയ ഡിജിറ്റൽ സംരംഭങ്ങൾക്ക് എന്തുപറ്റിയെന്ന് ഒന്ന് അന്വേഷിക്കുക. ആസൂത്രണത്തിലെ പാളിച്ച, മേൽനോട്ടക്കാരുടെ കഴിവുകേട്, മാനേജ്മെന്റിന്റെ നിഷ്ക്രിയത തുടങ്ങിയ കാരണങ്ങളാൽ എല്ലാം പരാജയമായി.
‘മാധ്യമം’ എന്ന അച്ചടി മാധ്യമത്തിന്റെ പിൻബലത്തിൽ മാധ്യമം ഓൺലൈൻ സ്വാഭാവിക വളർച്ച നേടിയത് മാറ്റി നിർത്തിയാൽ ഡിജിറ്റൽ ഇന്റഗ്രേഷൻ പദ്ധതികൾ സമ്പൂർണ പരാജയമായിരുന്നു. പുതിയ ‘റീ സ്ട്രക്ചറിങ്ങി’ലും മുൻഅനുഭവത്തിന്റെ വെളിച്ചത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്.
സാമ്പത്തിക പ്രയാസങ്ങളെ രൂക്ഷമാക്കും വിധത്തിലുള്ള മാനേജീരിയൽ നടപടികൾ വേറെയുമുണ്ട്. ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല.
അഭ്യൂദയകാംക്ഷികളോട് സ്നേഹപൂർവം
പ്രിയപ്പെട്ടവരെ, മാധ്യമത്തെ നിലനിർത്തിയതിലും അതിനെ സജീവമാക്കിയതിലും നിങ്ങളുടെ പങ്ക് ഞങ്ങൾക്ക് വിസ്മരിക്കാനാവില്ല. ഈ സ്ഥാപനത്തെ നിങ്ങൾ എത്രമേൽ നെഞ്ചിലേറ്റുന്നുവെന്നും ഞങ്ങൾ തിരിച്ചറിയുന്നു. അതേ വൈകാരികതയിൽ ആ സ്ഥാപനത്തിനകത്ത് പണിയെടുക്കുന്നവരാണ് ഞങ്ങൾ. അതിന്റെ ഉള്ളടക്കത്തെ സജീവമാക്കി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ഈ സമരകാലത്തും അത് അങ്ങനെത്തന്നെയായിരുന്നു. സംശയമുള്ളവർ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ നമ്മുടെ പത്രമൊന്ന് എടുത്തുനോക്കു. ഇതര പത്രങ്ങളുമായി താരതമ്യം ചെയ്യാം; മുൻ തദ്ദേശ തെരഞ്ഞെടുപ്പിലെ നമ്മുടെ തന്നെ പത്രവുമായും ഒത്തുനോക്കാം. സമരമായിട്ടും അധിക സമയം മുഴുവൻ ജീവനക്കാരും ജോലി ചെയ്തതുകൊണ്ട് സാധ്യമായതാണത്. സമരമാണെന്ന കാരണത്താൽ ഞങ്ങൾ ജോലിയുടെ കാര്യത്തിൽ ഒരാലസ്യവും കാണിച്ചിട്ടില്ല. നിങ്ങളെപോലെതന്നെ ഞങ്ങളും നെഞ്ചോടു ചേർത്തുപിടിക്കുന്നതുകൊണ്ടാണത്. ഒരുപക്ഷെ, നിങ്ങളേക്കാൾ. കാരണം, ഞങ്ങൾക്കിത് ജീവിതവുമാണ്. ഞങ്ങളെ സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് അതിജീവനത്തിന്റെ സമരം തന്നെയാണ്. 60 ദിവസത്തിലേറെ ഒരു രൂപ പോലും ശമ്പളമില്ലാതെ കുടുംബത്തിന്റെ ഏക വരുമാനക്കാരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും എങ്ങനെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുക? സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരെക്കുറിച്ച് ഒരുപക്ഷെ നിങ്ങൾ ഏറ്റവുംകൂടുതൽ വായിച്ചിട്ടുണ്ടാവുക ഈ പത്രത്തിലൂടെയാകും. ആ പത്രവാർത്തകളിലെ ഇരകളോട് നിങ്ങൾ പ്രകടിപ്പിച്ച അനുതാപവും പിന്തുണയും ഈ ഘട്ടത്തിൽ ഞങ്ങളും അർഹിക്കുന്നുണ്ട്. നമുക്കിനിയും ഒരുമിച്ചു പോകാനാകും, സ്ഥാപനം കെട്ടിപ്പടുത്ത ജീവനക്കാരെ ശത്രുക്കളായി കാണരുതെന്ന് മാത്രം.
ഈ സമരം അനന്തമായി തുടരുന്നതിൽ ഞങ്ങളും അസ്വസ്ഥരാണ്. സ്വന്തം സ്ഥാപനത്തിനെതിരെ സമരം ചെയ്യുക എന്നത് ഞങ്ങളാരും ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടുതന്നെ, ചർച്ചയിലൂടെ പരിഹാരം സാധ്യമാകുമെങ്കിൽ ആ വഴിതന്നെയാണ് ഞങ്ങൾക്കും താൽപര്യം. സൈബറിടത്തിലെ ഒളിയാക്രമണങ്ങൾക്ക് ഞങ്ങൾക്കും താൽപര്യമില്ല. മാധ്യമം ജീവനക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്നാണ് ജമാഅത്ത് അമീർ ഒന്നിലേറെ വാർത്താസമ്മേളനങ്ങളിൽ ആവർത്തിച്ചിട്ടുള്ളത്. ന്യായമാണെങ്കിൽ അതിന് പരിഹാരം കാണാനുള്ള ബാധ്യതയും അദ്ദേഹത്തിനും പ്രസ്ഥാനത്തിനുമുണ്ട്. അതുണ്ടാകുമെന്നുതന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-മാധ്യമം എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി

Leave a Reply