ഫിലിം ഡെസ്‌ക്: ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന സിനിമകള്‍ നിര്‍മിക്കുന്ന സിനിമാ കുടുംബത്തിലെ ഒരംഗമായിരുന്നു ഷാഫിയും. സംവിധായകന്‍ സിദ്ധീഖിനെ പുറകെ സിനിമയിലെത്തി നിരവധി സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ചു.
1995 ല്‍ പുറത്തിറങ്ങിയ ആദ്യത്തെ കണ്മണിയിലൂടെയാണ് സിനിമയിലേയ്ക്കുള്ള പ്രവേശനം. രാജസേനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിന്നു. തുടര്‍ന്ന് നിരവധി സിനിമകളുടെ തിരക്കഥയിലൂടെ മലയാളികളെ ചിരിപ്പിച്ചു. സഹോദരനായ റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്നായിരുന്നു ആദ്യത്തെ കണ്‍മണിയുടെ തിരിക്കഥ രചിച്ചത്.
പിന്നീട് റാഫി-മെക്കാര്‍ട്ടിന്‍ ടീം ഒരുമിച്ച സൂപ്പര്‍മാന്‍, ദി കാര്‍, പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്നീ ജയറാം ചിത്രങ്ങള്‍ക്കും മാതൃസഹോദരനായ സിദ്ദിഖിന്റെ സംവിധാനത്തില്‍ വന്ന ഫ്രണ്ട്‌സ് എന്ന ജയറാം ചിത്രത്തിനും അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. അവസാനമായി അസിസ്റ്റന്റ് ഡയറക്ടര്‍ ആയി രണ്ടായിരത്തില്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലാണ് ഷാഫി പ്രവര്‍ത്തിച്ചത്.
തൊട്ടടുത്ത വര്‍ഷം സ്വതന്ത്ര സംവിധായകനായി അദ്ദേഹത്തിന്റെ ആദ്യ സിനിമ വണ്‍മാന്‍ഷോ പുറത്തിറങ്ങി. റാഫി-മെക്കാര്‍ട്ടിന്‍ ടീം തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്./
പിന്നീടങ്ങോട്ട് ബെന്നി പി നായരമ്പലത്തിനൊപ്പം കല്യാണരാമന്‍, തൊമ്മനും മക്കളും ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളും ഉദയകൃഷ്ണ- സിബി കെ തോമസ് ടീമിനൊപ്പം പുലിവാല്‍ കല്യാണം എന്ന മുഴുനീള കോമഡി ചിത്രവും ഒക്കെ ചെയ്ത് തന്റേതായ ഒരു സ്ഥാനം മലയാള സിനിമയില്‍ അദ്ദേഹം ഉറപ്പിച്ചു.
ദിലീപ് മമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ടു കണ്‍ട്രീസ് എന്ന ചിത്രമായിരുന്നു അവസാനമായി ശ്രദ്ധേയമായ ചിത്രം. 2022 ല്‍ ഷറഫുദ്ദീന്‍ നായകനായി എത്തിയ ആനന്ദം പരമാനന്ദം എന്ന ചിത്രം ആയിരുന്നു ഷാഫിയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. പഴയ പാറ്റേണുകളില്‍ നിന്നൊക്കെ മാറി വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ച ചിത്രമായിരുന്നു ഇത്.
ഷാഫിയുടെ തമാശ സിനിമകളില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് ഒക്കെ തിരഞ്ഞു പോയാല്‍ കാര്യമില്ല, ചുറ്റിനും ആക്ഷന്‍ പടങ്ങളും താര രാജാക്കന്മാരുടെ നെടുമീളന്‍ ഡയലോഗുകള്‍ ഉള്ള സിനിമകളും വരുമ്പോള്‍ അതിനിടയില്‍ കുടുംബപ്രേക്ഷകരെയും കുട്ടികളെയും യുവാക്കളെയും ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഷാഫിയുടെ സിനിമകള്‍ മലയാളികള്‍ ഇന്നും സ്വീകരിക്കുന്നുണ്ട് എന്നതാണ് സത്യം.
സലിംകുമാര്‍ എന്ന നടന്റെ ജീവിതത്തില്‍ ഇത്രയേറെ ജനപ്രിയ കഥാപാത്രങ്ങളെ സമ്മാനിച്ചത് ഷാഫിയുടെ സിനിമകളിലൂടെ ആണെന്ന് പറയേണ്ടിവരും.
കടപ്പാട്- ദിപിന്‍ ജയദീപ്
Leave a Reply