ഹെല്‍ത്ത് ഡെസ്‌ക്: വിഷാദരോഗം അഥവാ ഡിപ്രഷന്‍ എന്ന മാനസികാരോഗ്യ പ്രശ്‌നത്തില്‍ പുതിയ ജനിതക റിസ്‌ക് ഫാക്റ്ററുകള്‍ കണ്ടെത്തിയതായി പഠനം. 29 രാജ്യങ്ങളില്‍ നിന്നായി അഞ്ച് ദശലക്ഷത്തോളം പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 300ഓളം ജനിറ്റിക് റിസ്‌കുകളാണ് ആഗോള തലത്തില്‍ നടത്തിയ പഠനം കണ്ടെത്തിയിട്ടുള്ളത്.

ദുഃഖിതമായ മാനോനിലയും സ്വാഭാവികമായ ജീവീത ശാരീരിക പ്രവര്‍ത്തനങ്ങളോടുമുള്ള വിമുഖതയും കലര്‍ന്ന ഒരു മാനസിക രോഗമാണ് ഡിപ്രഷന്‍.
ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള ഒരു രോഗം തന്നെയാണ് വിഷാദം. എന്നാല്‍ പലപ്പോഴും ഇത് അവഗണിക്കപ്പെടുകയാണ് പതിവ്. ഇത് ഒരാളുടെ ചിന്തകള്‍, പെരുമാറ്റം, പ്രചോദനം, വികാരങ്ങള്‍, സ്വയം ക്ഷേമത്തിലിരിക്കുന്നതിനുള്ള ചോദന എന്നിവകളെയെല്ലാം മോശമായി ബാധിക്കുന്നു. സങ്കടം, ചിന്തയിലും ഏകാഗ്രതയിലുമുള്ള ബുദ്ധിമുട്ട്, അമിത വിശപ്പ് അല്ലെങ്കില്‍ വിശപ്പുകുറവ്, ഉറക്കമില്ലായ്മ അല്ലങ്കില്‍ അമിത ഉറക്കം, ലൈംഗിക താല്പര്യക്കുറവ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരാം. വിഷാദം അനുഭവിക്കുന്ന ആളുകള്‍ക്ക് പ്രതീക്ഷയില്ലായ്മ, അവഗണിക്കപ്പെടുന്നുവെന്ന തോന്നല്‍, ചിലപ്പോഴൊക്കെ ആത്മഹത്യാ ചിന്തകള്‍ എന്നിവ അനുഭവപ്പെടാം. ഈ അവസ്ഥ ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആകാം.

വിഷാദ രോഗവുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം യൂറോപ്യന്‍രാജ്യങ്ങളില്‍ ജീവിക്കുന്നവരില്‍ മാത്രം ഒതുങ്ങിയത് മറ്റു മേഖലയിലുള്ളവര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് തടസമാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ആഫ്രിക്കന്‍, കിഴക്കന്‍ ഏഷ്യന്‍, ഹിസ്പാനിക്, ദക്ഷിണേഷ്യന്‍ വംശജരായ ആളുകളെ ഉള്‍പ്പെടുത്തിയതിലൂടെയാണ് 300 ഓളം റിസ്‌ക് ഫാക്റ്ററുകള്‍ കണ്ടെത്താന്‍ കാരണമായത്. സൈക്യാട്രിക് ജീനോമിക്‌സിലെ ഗവേഷകര്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, യുകെയിലെ കിംഗ്‌സ് കോളേജ് ലണ്ടന്‍ എന്നിവിടങ്ങളിലെവരുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ഗവേഷണം നടത്തിയത്. ഓരോ മേഖലയിലുള്ളവരുടെ ജീനിലും നടത്തിയ പഠനത്തില്‍ ജീന്‍ നിര്‍മിക്കുന്ന ഡിഎന്‍എയില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തി

.
‘സെല്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച ‘ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ’ ജനിതക പഠനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നാലില്‍ ഒരാള്‍ യൂറോപ്യന്‍ ഇതര വംശജരില്‍ നിന്നുള്ളവരാണ്.
യഥാക്രമം വിട്ടുമാറാത്ത വേദനയ്ക്കും സ്ലീപ്പിംഗ് അവസ്ഥ നാര്‍കോലെപ്‌സിക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന നിലവിലുള്ള മരുന്നുകളായ പ്രെഗബാലിന്‍, മൊഡാഫിനില്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ ഗവേഷക സംഘം പ്രത്യേകം എടുത്തുകാണിക്കുന്നു. കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വിഷാദരോഗ ചികിത്സയ്ക്കായി ഇത്തരം മരുന്നുകളെ പുനര്‍നിര്‍മ്മിക്കാനുള്ള സാധ്യതയുണ്ട്.
എന്നിരുന്നാലും, വിഷാദരോഗമുള്ള രോഗികളില്‍ മരുന്നുകളുടെ സാധ്യതകള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ പഠനങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ആവശ്യമാണെന്ന് ടീം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സൈക്യാട്രിക് ജെനോമിക്‌സ് കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള ഗവേഷണ സംഘം ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മെക്‌സിക്കോ, യുഎസ്എ, ഓസ്ട്രേലിയ, തായ്വാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള പഠനങ്ങളെ ഉള്‍പ്പെടുത്തുകയും എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരെയും ഗവേഷകസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിഷാദ രോഗവുമായി ബന്ധപ്പെട്ടുള്ള ജനിതക റിസ്‌ക് ഫാക്റ്റുകള്‍ ലോകത്തെ എല്ലാ മേഖലകളിലുള്ള ജനങ്ങളിലും തിരിച്ചറിഞ്ഞുവെന്നതാണ് പഠനത്തിന്റെ പ്രധാന നേട്ടം. വിഷാദരോഗവുമായി ബന്ധപ്പെട്ട ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള മുന്‍ ഗവേഷണങ്ങളെല്ലാം പ്രാഥമികമായി യൂറോപ്പില്‍ താമസിക്കുന്ന ആളുകളില്‍ നിന്നുള്ള വെള്ളക്കാരായ ജനസംഖ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ വെള്ളക്കാരില്‍ നടത്തിയ ജനിതക സമീപനങ്ങള്‍പരീക്ഷണങ്ങള്‍ മറ്റു വംശങ്ങളില്‍ ഫലപ്രദമാകണമെന്നില്ല. ഇക്കാര്യത്തില്‍ നിലവില്‍ ആരോഗ്യ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
Leave a Reply