തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും

കൊച്ചി: ഓഹരി വിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ
സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.