ദീര്‍ഘമായ ആലോചനയ്ക്ക് ശേഷംകഠിനമായ തീരുമാനം ഞാനെടുത്തു

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനത്തു നിന്ന് രാജിവച്ചതായി ഉണ്ണി മുകുന്ദന്‍.  ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും പുതിയ പ്രോജക്ടുകളുടെ വര്‍ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നും താരം പറയുന്നു. പ്രഫഷനല്‍ ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം സംഘടനയുടെ ഉത്തരവാദിത്തം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നതു വരെ ആ സ്ഥാനത്തു തുടരുമെന്നും ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദന്‍ അറിയിച്ചത്.

‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷം ‘അമ്മ’യുടെ ട്രഷറര്‍ എന്ന നിലയിലുള്ള എന്റെ റോളില്‍ നിന്ന് ഒഴിയുക എന്ന കഠിനമായ തീരുമാനം ഞാനെടുത്തു. പദവിയിലുണ്ടായിരുന്ന കാലം വളരെ അധികം ആസ്വദിച്ചിരുന്നു. എന്നിരുന്നാലും, സമീപ മാസങ്ങളില്‍, എന്റെ ജോലിയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍, പ്രത്യേകിച്ച് മാര്‍ക്കോയുടെയും മറ്റു പ്രോജക്ടുകളുടെയും കാര്യങ്ങള്‍, എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഈ ഉത്തരവാദിത്തങ്ങളും പ്രഫഷനല്‍ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയില്‍ നിന്നു മാറി, എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു.

ട്രഷറര്‍ സ്ഥാനാത്തിനിരിക്കെ എന്റെ ഏറ്റവും മികച്ചതാണ് സംഘടനയ്ക്ക് വേണ്ടി നല്‍കിയത്. എന്നാല്‍ ഭാവിയിലുള്ള എന്റെ പ്രൊഫഷണല്‍ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറര്‍ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ എന്റെ രാജിക്കത്ത് ഞാന്‍ സമര്‍പ്പിക്കുകയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പുതിയ ട്രഷറര്‍ സ്ഥാനമേല്‍ക്കുന്നതുവരെ ഞാന്‍ തല്‍സ്ഥാനത്ത് തുടരും.

പ്രവര്‍ത്തനകാലയളവില്‍ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ ട്രസ്റ്റിനോടും സഹപ്രവര്‍ത്തകരോടും കടപ്പെട്ടിരിക്കുന്നു. കൂടാതെ ഈ റോളിന്റെ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എന്റെ പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. നിങ്ങളുടെ മനസ്സിലാക്കലിനും തുടര്‍ച്ചയായ പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി’- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

Leave a Reply

Your email address will not be published.