നാലു കുട്ടികള്‍ക്ക് ജന്മം നൽകൂ, ഒരു ലക്ഷം നേടൂ

ഭോപ്പാല്‍: ബ്രാഹ്മണ ദമ്പതികള്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയാൽ  നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കുമെന്ന്
ബ്രാഹ്മണ ക്ഷേമത്തിനായുള്ള പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റും, ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയ. നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബ്രാഹ്മണ ദമ്പതികള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും വിഷ്ണു രജോരിയ

മതത്തെ ധിക്കരിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും എണ്ണം കൂടിവരികയാണ്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്നമാണ്. കുറഞ്ഞത് നാലു മക്കളെങ്കിലും വേണം. രജോരിയ പറഞ്ഞു.

താന്‍ ബോര്‍ഡ് പ്രസിഡന്റായാലും അല്ലെങ്കിലും ഈ തുക നല്‍കുമെന്നും രജോരിയ പറഞ്ഞു. സനാതനധര്‍മ്മം പരിപാലിക്കപ്പെടണമെങ്കില്‍ ബ്രാഹ്മണരുടെ എണ്ണം ആവശ്യത്തിന് ഉണ്ടാകണം. 1951 നെ അപേക്ഷിച്ച് രാജ്യത്തെ ബ്രാഹ്മണരുടെ ജനസംഖ്യ പകുതിയായി കുറഞ്ഞുവെന്നും രജോരിയ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ, തന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, സര്‍ക്കാര്‍ നയമല്ലെന്നുമാണ് വിഷ്ണു രജോരിയ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.