മലമ്പുഴ: മലമ്പുഴയിലെ മറൈൻ അക്വേറിയം മുഖം മിനുക്കുന്നു. ഉദ്യാനത്തിന് മുന്നില്‍ 60 വർഷത്തോളം പഴക്കമുള്ള അക്വേറിയം നവീകരിക്കുന്ന പ്രവർത്തികള്‍ പുരോഗമിക്കുകയാണ്. ആധുനിക രീതിയിലുള്ള സൗകര്യങ്ങളൊരുക്കുന്ന അക്വേറിയം ഫെബ്രുവരിയോടെ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ്.
പഴയ ഫിഷ് അക്വേറിയത്തിനകത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
അക്വേറിയത്തിന് പുറത്ത് പെയിന്റടിച്ചും ചുറ്റിലും ഭംഗിയുള്ള പൂച്ചെടികളാല്‍ പൂന്തോട്ടമൊരുക്കിയും അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചുമാണ് ഫിഷ് അക്വേറിയം നവീകരിക്കുന്നത്. ഇതിനുപുറമെ അക്വേറിയത്തിനു മുന്നിലായി ജലധാരയും മനോഹരമാക്കുന്നുണ്ട്. അക്വേറിയത്തോട് ചേർന്നുള്ള കുളവും നവീകരിച്ച് മത്സ്യങ്ങളെ ഇതിലേക്ക് നിക്ഷേപിക്കും.
ജനുവരി 12 മുതല്‍ 19 വരെ നടക്കുന്ന മലമ്ബുഴ ഉദ്യാനത്തിലെ പുഷ്പമേളക്കുശേഷം സൗരോർജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പുറമെ എയർകണ്ടിഷനിംഗിനും പദ്ധതിയും ആലോചനയിലുണ്ട്. ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഫിഷ് അക്വേറിയം 90 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നത്.
1965 ല്‍ മത്സ്യത്തിന്റെ ആകൃതിയിലുളള ഉദ്യാനത്തിനു മുന്നിലായി പണിത അക്വേറിയം 2015 ല്‍ കൂടുതല്‍ സൗകര്യങ്ങളോടുകൂടി നവീകരിച്ച് മത്സ്യങ്ങളെയെല്ലാം ഇതിലേക്കു മാറ്റുകയായിരുന്നു. പഴയ അക്വേറിയം പെയിന്റടിച്ച് മനോഹരമാക്കി അതേപടിയില്‍ നിലനിർത്താനും ഇതിലും മത്സ്യങ്ങളുടെ പ്രദർശനം തുടരാനുമുളള നടപടികളുമുണ്ടായില്ല. ജനുവരിയില്‍ നടക്കുന്ന പുഷ്പമേളയുടെ ഭാഗമായി പുതിയ അക്വേറിയത്തിലും പഴയ അക്വേറിയത്തോടുച്ചേർന്നുള്ള കുളത്തിലും അലങ്കാര മത്സ്യങ്ങളുടെ പ്രദർശനമുണ്ടാകും. മലമ്പുഴ ഉദ്യാനം കാണാനെത്തുവർ സമീപത്തെ അക്വേറിയം, റോപ്‌വെ, റോക്ക് ഗാർഡൻ, സ്‌നേക്ക് പാർക്ക് എന്നിവയും സന്ദർശിക്കാറുണ്ട്. അറുപത്തിയഞ്ചിന്റെ നിറവിലും സപ്താത്ഭുതങ്ങളാല്‍ അഴകുവിടർത്തുന്ന ഉദ്യാന റാണിയിലെത്തുന്ന സന്ദർശകരില്‍ നയനമനോഹരമായ മത്സ്യങ്ങളുടെ ശേഖരവുമായി ഉദ്യാനത്തിനുമുന്നിലെ പഴയ ഫിഷ് അക്വേറിയം മുഖം മിനുക്കി പുതുവർഷത്തില്‍ സന്ദർശകരെ കാത്തിരിക്കുകയാണ്.
Leave a Reply