കൊച്ചി: മലയാള സിനിമയുടെ താരസംഘടനയ്ക്ക് അമ്മ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും അതങ്ങനെ തന്നെ ഉച്ചരിക്കണമെന്നും നടൻ സുരേഷ് ഗോപി. കൊച്ചിയില്‍ നടന്ന ‘അമ്മ’ കുടുംബ സംഗമ വേദിയില്‍ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
“ഒരുപാട് സ്നേഹക്കൂടുതലാണിപ്പോൾ തോന്നുന്നത്. 1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇതുപോലെയൊരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന അമ്മ ആയിട്ടാണ് സംഘടന തുടങ്ങുന്നത്.
പിന്നീട് എംജി സോമന്‍റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 1995 ജനുവരിയില്‍ തന്നെ ധന ശേഖരണാർഥം ആദ്യത്തെ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് അധ്വാനവും ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ടാണ് ഈ സംഘടന നിലനിന്ന് പോയത്. ആറ് മാസം മുൻപ് നമ്മൾ ഹൃദയം കൊണ്ട് വോട്ട് ചെയ്ത് ജയിപ്പിച്ച ഒരു സംഘം ഒരു വെറുംവാക്ക് പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.
Leave a Reply