പുതുവര്‍ഷാശംസ നേർന്നില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: പുതുവര്‍ഷാശംസ നേരാതിരുന്നതിന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുള്ളൂര്‍ക്കരയിൽ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബി(22)നാണ് പരിക്കേറ്റത്. കാപ്പ കേസ് പ്രതിയായ ഷാഫിയാണ് സുഹൈബിനെ ആക്രമിച്ചത്. സുഹൈബ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഷാഫി സഹൃത്തുക്കള്‍ക്കൊപ്പം ബസ് വെയ്റ്റിങ് ഷെഡില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന സുഹൈബ് അവിടെയുള്ള സുഹൃത്തുക്കളോടെല്ലാം പുതുവര്‍ഷാശംസകള്‍ പറഞ്ഞു. എന്നാല്‍ ഷാഫിയോട് മാത്രം ആശംസ പറഞ്ഞിരുന്നില്ല. തന്നോട് മാത്രം ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ ഷാഫി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.

അക്രമത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. നിരവധി തവണ കുത്തേറ്റ സുഹൈബിനെ അവിടെയുള്ളവര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.