ഹെല്‍ത്ത് ഡെസ്‌ക്:ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് ജീവിച്ച് ജീവിതം അടിച്ചു പൊളിക്കാം എന്നു കരുതി സിങ്കിളായി നടക്കുന്നവര്‍ക്ക് അത്ര സുഖകരമല്ലാത്ത ഒരു വാര്‍ത്ത. ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് ജീവിത സംതൃപ്തിയുണ്ടാവില്ലെന്നാണ് പുതിയ പഠനം പറയുന്നത്.
പുതിയ കാലത്ത് വിവാഹം കഴിക്കുന്നതില്‍ യുവജനതയ്ക്ക് താത്പര്യം കുറഞ്ഞു വരികയാണ്. പ്രത്യേകിച്ച് സ്ത്രീകളാണ് വിവാഹത്തില്‍ നിന്നും പിന്തിരിയുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്വാതന്ത്ര്യം വിവാഹം കഴിച്ചാല്‍ കിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഉചിതമായ പങ്കാളിയല്ലെങ്കില്‍ സ്വാതന്ത്ര്യം എന്നു മാത്രമല്ല, മനുഷ്യന്റെ പരിഗണന പോലും ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് കിട്ടുന്നില്ല. ഇക്കാരണം കൊണ്ടും കുടുംബഭാരം ചുമക്കലുമൊക്കെ സ്ത്രീകള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍ പുരുഷന്‍മാരില്‍ ഇതിന്റെ തോത് കുറവാണ്.
ജീവിതകാലം മുഴുവന്‍ അവിവാഹിതരായ ആളുകള്‍ക്ക് ജീവിത സംതൃപ്തി കുറവായിരിക്കുമെന്നും പങ്കാളികള്‍ ഉള്ളവരില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വ സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നും പുതിയ ഗവേഷണം പറയുന്നു.
ജര്‍മ്മനിയിലെ ബ്രെമെന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള ഗവേഷകര്‍ 27 യൂറോപ്യന്‍ രാജ്യങ്ങളിലായി 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 77,000 ആളുകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ജീവിതകാലം മുഴുവന്‍ അവിവാഹിതരായ ആളുകളെയും അവരുടെ സംസ്‌കാരങ്ങളിലുടനീളം നിരീക്ഷിച്ചു നടത്തിയ ആദ്യ പഠനമാണിതെന്ന് ഗവേഷകര്‍ പറഞ്ഞു.
നിലവില്‍ അവിവാഹിതരായവരും എന്നാല്‍ ഒരു പങ്കാളിയോടൊപ്പമോ മുമ്പ് വിവാഹിതരോ ആയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് തുറന്ന മനസും ജീവിത സംതൃപ്തിയൊന്നുമില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ചോര തിളയ്ക്കുന്ന പ്രായത്തില്‍ ആറാടുന്ന ആനന്ദം കാലം കഴിയുമ്പോള്‍ കിട്ടാതെ വരുന്നതും ജീവീതാവസാനം ഒരു താങ്ങില്ലാതാകുകയും ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് സര്‍വേയില്‍ ഭൂരിഭാഗം പേരും പങ്കു വച്ചത്.
Leave a Reply