പൊന്നാനി: ജോയിന്റ്ആ ർടിഒ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു.
നാല് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും,അഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും വേണ്ടിടത്ത് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, മൂന്ന് ക്ലർക്ക്മാരും മാത്രമാണ് ഉള്ളത്. ഉദ്യോഗസ്ഥ കുറവ് കാരണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ നമ്പർ എന്നിവ ലഭിക്കുവാനും, അപകട പരിശോധന നടത്തുന്നതിനും, വാഹനനികുതി ഒഴിവാക്കുന്നതിന് അപേക്ഷ നൽകിയവരുടെ പരിശോധന നടത്തുവാൻ സാധിക്കാതെയും അപേക്ഷകർ ബുദ്ധിമുട്ടിലാകുന്നു. പൊന്നാനി ജോയിൻറ് ആർടിഒ പരിധിയിലുള്ള പൊന്നാനി, കുറ്റിപ്പുറം, പെരുമ്പടപ്പ്, ചങ്ങരംകുളം പ്രദേശത്തുള്ളവർക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് പൊന്നാനിയിലെ ഉദ്യോഗസ്ഥ ക്ഷാമം കാരണം സമീപത്തുള്ള തിരൂർ, പട്ടാമ്പി മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ പോകേണ്ട ഗതികേടിലാണ്.
ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി ഉദ്യോഗസ്ഥർ പോയാൽ രാവിലെ ഓഫീസിലെത്തുന്ന ജനങ്ങൾ ടെസ്റ്റ് കഴിയുന്ന മൂന്ന് മണിവരെ കാത്തിരിക്കേണ്ടി വരുന്നു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ലീവ് എടുത്താൽ ഡ്രൈവിംഗ് ടെസ്റ്റിന് വന്നവർ മടങ്ങി പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജോയിൻറ് ആർടിഒ യെ ടെസ്റ്റിന് വന്നവർ ഉപരോധിക്കുകയും ചെയ്തിരുന്നു. പൊന്നാനി ജോയിൻറ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥ കുറവ് പരിഹരിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഗതാഗത വകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
Leave a Reply