ഹെല്‍ത്ത് ഡെസ്‌ക്: പുതിയ കാല ജീവിതരീതിയില്‍ ഏറ്റവും കൂടുതല്‍ പേരെ വിഷമിപ്പിക്കുന്ന ഒന്നാണ് പൊണ്ണത്തടിയും വയറുമെല്ലാം. ഭക്ഷണം കുറച്ചാലൊന്നും ഇതു മാറില്ലെന്ന് ഡോക്ടര്‍മാര്‍ നിരന്തരം പറയുന്നുമുണ്ട്. എന്നാല്‍ കുറച്ചു സമയമെങ്കിലും ചെലവഴിച്ചാല്‍ അരക്കെട്ടും തടിയും കുറയ്ക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയില്‍ 150 മിനിറ്റ് എയറോബിക് വ്യായാമങ്ങള്‍ ചെയ്യാനാണ് ഗവേഷകര്‍ ഉപദേശിക്കുന്നത്.
അരക്കെട്ടും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കാന്‍ ആഴ്ചയില്‍ 150 മിനിറ്റെങ്കിലും എയ്റോബിക് വ്യായാമങ്ങള്‍ക്കായി മാറ്റി വച്ചേ പറ്റൂവെന്നാണ് ഇവര്‍ പറയുന്നത്. 7,000-ത്തോളം അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരില്‍ നടത്തിയ 116 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.
ആഴ്ചയില്‍ 300 മിനിറ്റ് എയ്റോബിക് പരിശീലനത്തിലൂടെ ശരീരഭാരത്തിലും അരക്കെട്ടിന്റെ ചുറ്റളവിലും ഏറ്റവുമധികം കുറവുണ്ടായപ്പോള്‍, ആഴ്ചയില്‍ 150 മിനിറ്റുകൊണ്ട് ശരീരത്തിലെ കൊഴുപ്പ് ശതമാനത്തില്‍ മികച്ച പുരോഗതിയുണ്ടായി. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ജാമ) നെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.
ഓട്ടവും സൈക്ലിംഗും ഉള്‍പ്പെടെയുള്ള എയ്‌റോബിക് അല്ലെങ്കില്‍ കാര്‍ഡിയോസ്പിറേറ്ററി വ്യായാമങ്ങള്‍ ഒരാളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു.
എന്താണ് എയറോബിക് എക്‌സസൈസ്?
ശരീരത്തില്‍ ഓക്‌സിജന്റെ വിതരണവും ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ഒരുതരം ശാരീരിക വ്യായാമമാണ് ഏറോബിക്‌സ് (Aerobics). ‘പ്രാണവായുവുമായി ബന്ധപ്പെട്ടത്’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. പേശികളുടെ ഉറപ്പിനുവേണ്ടിയുള്ള വ്യായാമമാണ് ഇത്. സമ്പൂര്‍ണ ഫിറ്റ്‌നെസ്സ് ആണ് ലക്ഷ്യം. ജോഗിങ്, സൈക്കിള്‍ ചവിട്ടല്‍, നൃത്തം ചെയ്യല്‍, തോണി തുഴയല്‍, നീന്തല്‍, പടി കയറല്‍ എന്നിവയെല്ലാം ഈ വ്യായാമ മുറയ്ക്ക് ഉദാഹരണങ്ങളാണ്. ശരീരഭാരം ക്രമീകരിക്കുന്നതിനും കരുത്തും, സഹനശക്തിയും നല്‍കുന്നതിനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കുന്നു. പേശികളെ ശക്തിപ്പെടുത്തുന്നതിനും വഴക്കം ലഭിക്കുന്നതിനും, ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവര്‍ത്തനക്ഷമത മെച്ചപെടുത്തുന്നതിനും ഏറോബിക്‌സ് വ്യായാമമുറകളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മാനസികാരോഗ്യം, ലൈംഗികാരോഗ്യം എന്നിവ കൈവരിക്കാനും ഇവ സഹായകരമാണ്. മിക്കപ്പോഴും സംഗീതത്തിന്റെ അകമ്പടിയോടുകൂടി ആയിരിക്കും ഈ വ്യായാമം ചെയ്യുന്നത്. 35 വയസ്സിനുമുകളില്‍ പ്രായമുള്ളവരും ഹൃദ്രോഹികളും മേല്പറഞ്ഞ വ്യായാമം ചെയ്യുന്നതിനു മുമ്പായി ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമാണ്.
Leave a Reply