പോലീസ് ആത്മഹത്യ: അന്വേഷണ കമ്മീഷനെ നിയോഗിക്കണം

തിരുവനന്തപുരം: കേരളാ പോലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തൊണ്ണൂറിലധികം പേരാണ് പോലീസ് സേനയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 2024 ജൂണ്‍ മാസത്തില്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് പോലീസുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. അമിത ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീര്‍ണത, മേലുദ്യോഗസ്ഥരുടെ ഭീഷണി, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്മ തുടങ്ങി ഔദ്യോഗിക മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയാത്തത് ആത്മഹത്യ നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുകയും ക്രമസമാധാന പാലനം ഉറപ്പാക്കുകയും ചേയ്യേണ്ട സേനാംഗങ്ങള്‍ക്ക് സ്വന്തം സുരക്ഷിതത്വം പോലും ഇല്ലാതാവുന്നത് ഗൗരവമായി കാണണം. പോലീസ് സേനയില്‍ ആത്മഹത്യ പെരുകുന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസ് സേനയിലെ മേലധികാരികളും തയ്യാറാവമെണന്ന് എന്‍ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.