ചാവക്കാട്: മുഴുവൻ സാക്ഷികളും കൂറുമാറിയിട്ടും വധശ്രമകേസിലെ
പ്രതിക്ക് 16 വർഷം കഠിനതടവും 25000 രൂപ പിഴയും. വേലൂർ അയ്യപ്പൻകാവ് കീഴ്തണ്ടിലം സ്വദേശിയായ രാജേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ വേലൂർ തലക്കോട്ടുകര ഞാലിക്കരയിലുള്ള പടിഞ്ഞാറൂട്ട് വീട്ടിൽ മോഹൻദാസ് (48)ന് 16 വർഷം തടവ് വിധിച്ചത്. ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതിയുടെതാണ് വിധി.
മുഴുവൻ ദൃക്സാക്ഷികളും കൂറുമാറിയിട്ടും, കേസന്വേഷണമികവിൽ പ്രതിക്ക് ശിക്ഷ ലഭിക്കുകയായിരുന്നു.
2018 ഏപ്രിൽ ആറിന് രാവിലെ 11. 30യോടെ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജേഷിനെ മോഹൻദാസ് ചുറ്റിക കൊണ്ട് തലയിൽ ആഞ്ഞടിക്കുകയായിരുന്നു, അടികൊണ്ട് താഴെ വീണ രാജേഷിനെ രണ്ടു കാൽമുട്ടിലും ചുറ്റികക്കൊണ്ട് പ്രതി ആഞ്ഞടിച്ചു. നാട്ടുകാർ ഓടി കൂടിയതോടെ പ്രതിമോഹൻദാസ് ചുറ്റികയുമായി സ്കൂട്ടറിൽ രക്ഷപ്പെട്ടു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിനാൽ രാജേഷിൻെറ ജീവൻ രക്ഷിക്കാനായി, രാജേഷ് മാസങ്ങളോളം ഒരേ കിടപ്പിൽ ചികിത്സയിലായിരുന്നു.
സംഭവം കണ്ട് നിന്നിരുന്ന തൊട്ടടുത്ത കടയിൽ ഉള്ളവർ മുഴുവൻ പേരും വിസ്താര സമയത്ത് പ്രോസിക്യൂഷനെ സഹായിക്കാതെ പ്രതിക്ക് അനുകൂലമായി കൂറുമാറിയിട്ടും, പരിക്കുപറ്റിയയാളുടെ മൊഴിയും, പരിക്കും ,ഡോക്ടറുടെ മൊഴിയും, കേസ് അന്വേഷണ മികവിന്റെയും, അടിസ്ഥാനത്തിൽ പ്രതിയെ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.
പിഴ സംഖ്യ പരിക്കുപറ്റിയയാൾക്കു നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്. 16 സാക്ഷികളെ വിസ്തരിക്കുകയും, തൊണ്ടിമുതൽ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന T.K. ഗിരിജാവല്ലഭൻ ആണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ ആയിരുന്ന സി.ആർ. സന്തോഷ്,ജി. ഗോപകുമാർ എന്നിവർ അന്വേഷണം നടത്തി. തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ ജി. സുരേഷ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് K.R. രജിത് കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസറായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ P.J. സാജനും പ്രോസിക്യൂഷന് സഹായിച്ചു.
Leave a Reply