രവിമേലൂർ
കാലടി: നെട്ടിനംപിള്ളി – കളമ്പാട്ടുപുരം റോഡിൽ
മദർ തെരേസ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ സാമൂഹ്യ നെയ്ത്ത് കേന്ദ്രത്തിന്റെ മുന്നിൽ പഞ്ചായത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന ഉണക്ക് ബാധിച്ച ഭീമൻ പഞ്ഞിമരം ഏതു സമയവും മറിഞ്ഞ് റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലായിട്ട് നിരവധി മാസങ്ങളായി.
ഇതുവഴി നൂറ് കണക്കിന് യാത്രക്കാരാണ് കാൽ നടയായും വാഹനങ്ങളിലുമായും നിത്യേന സഞ്ചരിക്കുന്നത്.
പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാംബൂ കോർപ്പറേഷൻ, ഖാദി ബോർഡ് എന്നിവിടങ്ങളിലേക്ക് പഞ്ഞിമരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഇതിനോടകം നോട്ടീസ് നൽകിയിരുന്നു. പക്ഷെ, മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം ഉണ്ടായതായി കാണുന്നില്ല.
കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഖാദി ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഏകദേശം 50 സെൻ്റോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ നൂൽ നൂൽക്കുന്ന കമ്പനിയായിരുന്നു പ്രവർത്തിച്ചിരുന്നത്.കമ്പനി അടച്ചുപൂട്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 20 വർഷത്തോളമായി ബാംബൂ കോർപ്പറേഷന്റെ സാമൂഹ്യ നെയ്ത്ത് കേന്ദ്രമാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. ഈറ്റ ലഭ്യമല്ലാത്തതിനാൽ നെയ്ത്ത് കേന്ദ്രവും കഴിഞ്ഞ ഒരു വർഷമായി അടച്ചു പൂട്ടപ്പെട്ട നിലയിലാണ്.
യാത്രക്കാരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന പഞ്ഞിമരം എത്രയും വേഗം മുറിച്ച് മാറ്റുന്നതിന് പഞ്ചായത്തിൻ്റെ ഇടപെടൽ ഉണ്ടാകണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 6-ാം വാർഡ് കമ്മിറ്റി പ്രസിഡണ്ട് ഡെന്നി കോലഞ്ചേരി ആവശ്യപ്പെട്ടു!
Leave a Reply