കരൂരിലേത്  സിനിമയെ വെല്ലും കൊലപാതകം

കൊല്ലം: രാവിലെ മുതൽ തുടങ്ങിയ സസ്പെൻസുകൾക്കൊടുവിൽ കരൂരിൽ കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും കാണാതായ വിജയലക്ഷ്മി (40)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതോടെ ചുരുളഴിഞ്ഞത് ദൃശ്യം മോഡൽ കൊലപാതകം.


സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയത്. ജയചന്ദ്രനെയും കൊണ്ട് വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ജയചന്ദ്രന്റെ വീടിന്റെ പിന്നിലുള്ള പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം ചെറിയ തോതില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം ഇയാള്‍ ഈ പ്രദേശം നിരീക്ഷിച്ചിരുന്നു. അവിടെ നായ്ക്കള്‍ മാന്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കോണ്‍ക്രീറ്റ് കൊണ്ടുവന്നിടുകയായിരുന്നു. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അതിനാല്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

നവംബര്‍ ആറിനാണ് വിജയലക്ഷ്മിയെ കാണാതാകുന്നത്. അന്ന് വൈകീട്ടാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് വിജയലക്ഷ്മി. നവംബര്‍ 10 നാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കുന്നത്. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ, എറണാകുളം പൊലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയതാണ് കേസില്‍ വഴിത്തിരിവായത്. കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഫോണ്‍ ലഭിച്ചത്. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published.