ഫാന്‍റസി കോമഡി ഡ്രാമ ‘ലൗലി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ‘ലൗലി’ തിയേറ്ററുകളിലെത്തുന്നത് ത്രീഡിയിലാണ്.
ദിലീഷ് കരുണാകരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ 45 മിനിറ്റോളം ദൈർഘ്യമുണ്ട്. 51 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗിനായി എടുത്തതെങ്കിലും 400 ദിവസത്തിലേറെയായി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ നടന്നുവരികയാണെന്ന് ദിലീഷ് പറഞ്ഞു.
സിനിമയുടെ ത്രീഡി കൺവർട്ട് ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത വർഷം ജനുവരിയിലായാണ് സിനിമയുടെ റിലീസിന് പദ്ധതി ഇട്ടിരിക്കുന്നത്. ഹോളിവുഡിലൊക്കെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് സിനിമാതാരങ്ങൾ ശബ്ദം നൽകുന്നതുപോലെ ‘ലൗലി’യിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.
മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോജ് ജി ഗോപാൽ.
Leave a Reply