തൃശൂർ: നിക്ഷേപസംഖ്യ തിരികെ നൽകാത്തതിനെ തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ വീട്ടമ്മ നൽകിയ പരാതിയിൽ 49,55,000 രൂപയും പലിശയും നൽകുവാൻ വിധി. തൃശൂർ ഉപഭോക്തൃ കോടതിയിൽ നൽകിയ ഹർജിയിലാണ് നിക്ഷേപ തുകയും പിഴയും പലിശയും നൽകുവാൻ വിധിയായത്.
മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ആണ് പരാതിക്കാരി. തൃശൂർ ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിൻ്റെ, മാനേജിങ്ങ് പാർട്ണർ വടൂക്കരയിലുള്ള ജോയ് ഡി. പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
ബിജിമോൾ 4700000 രൂപയാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ചത് .ആദ്യഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകി വന്നിരുന്നു. പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു. ആവശ്യപ്പെട്ടിട്ടും നിക്ഷേപ സംഖ്യ തിരിച്ചുനൽകുകയും ചെയ്തില്ല. തുടർന്ന് ബിജിമോൾ ഉപഭോക്തൃകോടതിയിൽ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ മാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് 4700000 രൂപയും നഷ്ടപരിഹാരമായി 250000 രൂപയും ചിലവിലേക്ക് 5000 രൂപയും ഈ തുകകൾക്ക് ഹർജി ഫയൽ ചെയ്ത തിയ്യതിയായ 2023 ജനുവരി 17 മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.
Leave a Reply