തിരൂർ:തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ സംഘടിപ്പിക്കുന്ന പതിനേഴാമത് ആക്റ്റ് നാടകമേള 2024 നവംബർ 1 1 മുതൽ 18 വരെ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കും. അകാലത്തിൽ നിര്യാതനായ ആക്റ്റ് സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ജനാർദ്ദനൻ പേരാമ്പ്രയുടെ നാമധേയത്തിലാണ് ഈ വർഷത്തെ വേദി.

തിരൂർ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടകമേളയുടെ ഔപചാരികമായ ഉദ്ഘാടനം നവംബർ 11തിങ്കളാഴ്ച വൈകിട്ട് 6.30ന് ബഹുമാനപ്പെട്ട തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിർവ്വഹിക്കും. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി. മാധവൻകുട്ടി വാര്യർ മുഖ്യാതിഥിയായിരിക്കും. തിരൂരിലെ കലാ- സാംസ്കാരിക, സാമൂഹിക സേവന രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ശിശുദിനമായ നവംബർ 14ന് നാടക മേളയുടെ ഭാഗമായി തിരൂരിലേയും പരിസരപ്രദേശങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ സഹകരണത്തോടെ ഏകദിന നാടക ശില്പശാല നടത്തും. പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് ദേവേന്ദ്രനാഥ് ശങ്കരനാരായണൻ ശില്പശാലക്ക് നേതൃത്വം നൽകും. തിരൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ ഷാഫിയുടെ അധ്യക്ഷതയിൽ ശില്പശാല തിരൂർ സബ് കലക്ടർ ദിലീപ് .കെ. കൈനിക്കര ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ.മസ്താൻ സലാം മുതുവാട്ടിൽ, ശ്രീധരൻ പൊയിലിൽ എന്നിവരെ ആദരിക്കും.

പതിനാറാം തീയതി വൈകിട്ട് ആറുമണിക്ക് മലയാള നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന ആക്റ്റ് പുരസ്കാരം വൈസ് പ്രസിഡന്റ് അഡ്വ.വിക്രമകുമാർ മുല്ലശ്ശേരിയുടെ അധ്യക്ഷതയിൽ സുപ്രസിദ്ധ നാടക -സിനിമാ നടൻ ടി.ജി രവിക്ക് ബഹുമാനപ്പെട്ട കേരള കായിക,ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി .അബ്ദുറഹ്മാൻ സമർപ്പിക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ.സുഷമ മുഖ്യാതിഥിയായിരിക്കും.

പതിനെട്ടാം തീയതി വൈകിട്ട് ആറുമണിക്ക് ആക്റ്റ് ജനറൽ സെക്രട്ടറി എസ്.ത്യാഗരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട എം.പി അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീമതി ബീന.ആർ.ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും കേര കർഷക അവാർഡ് ജേതാവ് സുഷമ ജയപ്രകാശിനെ ആദരിക്കലും ചടങ്ങിൽ നടക്കും.

ഏഴ് ദിവസങ്ങളിലായി നടത്തപ്പെടുന്ന അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ ആദ്യദിവസം ( നവംബർ 11 തിങ്കൾ) കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ “അച്ഛൻ”.
രണ്ടാം ദിവസം (നവംബർ 12 ചൊവ്വ) വടകര വരദയുടെ “അമ്മ മഴക്കാറ്”
മൂന്നാം ദിവസം (നവംബർ 13 ബുധൻ) കൊച്ചിൻ കേളി യുടെ “പാട്ടുപെട്ടി”
നാലാം ദിവസം (നവംബർ 14 വ്യാഴം) കോഴിക്കോട് രംഗമിത്രയുടെ “മഴവില്ല്”
അഞ്ചാം ദിവസം (നവംബർ 15 വെള്ളി) കൊല്ലം അനശ്വരയുടെ “അന്ന ഗ്യാരേജ്”
ആറാം ദിവസം (നവംബർ 16 ശനി ) ഓച്ചിറ സരിഗയുടെ “സത്യമംഗലം ജംഗ്ഷൻ”
ഏഴാം ദിവസം (നവംബർ 17 ഞായർ) തിരുവനന്തപുരം ശ്രീ നന്ദനയുടെ “യാനം”
എന്നിവ അരങ്ങേറും

തിരുവനന്തപുരം സാഹിതി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള
“മുച്ചീട്ട് കളിക്കാരന്റെ മകൾ” എന്ന നാടകം സമാപന ദിവസം (നവംബർ 18 തിങ്കൾ) അരങ്ങേറും. നാടകമേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

പത്രസമ്മേളനത്തിൽ നാടകമേള ജനറൽ കൺവീനർ അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി, ആക്റ്റ് ട്രഷറർ മനോജ് ജോസ്, സെക്രട്ടറിമാരായ കരീം മേച്ചേരി, അനിൽകുമാർ എം.കെ, പി.ആർ.ഒ എ.കെ.പ്രേമചന്ദ്രൻ, പ്രോഗ്രാം കോഡിനേറ്റർ സാജു. കെ.പി, എക്സിക്യൂട്ടീവ് അംഗങ്ങളായ നാജിറ അഷ്റഫ്, ഷീന രാജേന്ദ്രൻ, രവീന്ദ്രൻ മാസ്റ്റർ, മുജീബ് റഹ്മാൻ, എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.