തൃശൂർ: തുലാവര്‍ഷം പകുതിയായതോടെ മഞ്ഞുകാലം തുടങ്ങുകയായി, പുറകേ രോഗങ്ങളും. രാത്രിയിലും അതിരാവിലേയും മഞ്ഞും തണുപ്പും, പകല്‍ സമയത്ത് സാമാന്യം ശക്തമായ വെയിലും സന്ധ്യയോടെ മഴയും അങ്ങനെ കുഴഞ്ഞുമറിഞ്ഞു അവിയൽ പരുവത്തിലുള്ള കാലാവസ്ഥ. പെട്ടെന്നുള്ള ഈ മാറ്റം പലവിധ അസുഖങ്ങള്‍ക്കും കാരണമായേക്കാം.
നമ്മുടെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്ലേഷ്മപാളി രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിക്കുന്നു. തണുപ്പ് കാലാവസ്ഥയില്‍ ഇവയിലെ ഈര്‍പ്പം നഷ്ടപ്പെടുകയും വരളുകയും ചെയ്യുന്നു. ഇങ്ങനെ പ്രതിരോധ ശേഷിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നതിന് കാരണം.
ജലദോഷം, ഫ്ലൂ, തൊണ്ടപഴുപ്പ്, ആസ്ത്മ, നാസിക അലര്‍ജി, വിട്ടുമാറാത്ത ചുമ, തൊലിപ്പുറമേയുള്ള അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും മഞ്ഞുകാലത്ത് നമ്മെ അലട്ടുന്ന പ്രശ്നങ്ങള്‍.
ഇന്‍ഫ്ലുവന്‍സ
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുമായി തുടങ്ങി, പിന്നീട് കഠിനമായ പനി, ശരീര വേദന, അതിയായ ക്ഷീണം, ചര്‍ദ്ദി, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാവുകയും ചെയ്യുന്ന രോഗമാണ് ഫ്ലൂ. തണുപ്പ് കാലത്ത് കൂടുതല്‍ ഈ രോഗം കണ്ടുവരാറുണ്ട്. ഇന്‍ഫ്ലുവന്‍സ A,B,C എന്ന വൈറസുകളാണ് രോഗത്തിന് കാരണം. രോഗിയോട് അടുത്ത ഇടപഴകിയാലും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായുവഴിയും രോഗം പകരം.
തൊണ്ടപഴുപ്പ്
തൊണ്ടയെ ബാധിക്കുന്ന വൈറസ് / ബാക്റ്റീരിയ ബാധയാണ് തൊണ്ടപഴുപ്പ്. കഠിനമായ തൊണ്ടവേദന, ശക്തിയായ പനി, ക്ഷീണം, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇളം ചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ കവിളില്‍ കൊള്ളുന്നത് വേദന കുറയാനും രോഗം ഭേദമാകാനും സഹായിക്കും. വളരെ ചെറിയ കുട്ടികള്‍ക്ക് ഇളം ചൂടുള്ള കഞ്ഞിവെള്ളം ഉപ്പിട്ട് കുടിയ്ക്കാന്‍ കൊടുക്കുക.
ആസ്തമ
ശ്വാസകോശങ്ങളെ ബാധിക്കുന്ന അലര്‍ജിയാണ് ആസ്തമ. ആസ്ത്മയ്ക്ക് കാരണമായ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ ശ്വാസനാളികള്‍ ചുരുങ്ങുകയും സാധാരണ രീതിയിലുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുക വഴി ചുമ, ശ്വാസം മുട്ടല്‍, കഫക്കെട്ട് തുടങ്ങിയവ ഉണ്ടാവുന്നു.അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായി സമ്പര്‍ക്കം കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എക്‌സിമ
തൊലിയിലുണ്ടാകുന്ന അലര്‍ജ്ജിയാണ് എക്‌സിമ.തണുത്ത കാലാവസ്ഥയില്‍ തൊലിപ്പുറം വരളുകയും, ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. തണുത്ത കാലാവസ്ഥയില്‍ രോഗം മൂര്‍ച്ചിക്കാന്‍ സാധ്യതയുണ്ട്. കുളിച്ചതിന് ശേഷം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമോ, ലോഷനോ തേക്കുന്നത് അലര്‍ജ്ജി നിയന്ത്രിക്കാന്‍ സഹായിക്കും.
.
Leave a Reply